മാർക്കറ്റ്ഫെഡ് എം.ഡിയുടെ നിയമനം ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: മാർക്കറ്റ്ഫെഡ് മാനേജിങ് ഡയറക്ടർ എസ്.കെ. സനിലിന്റെ നിയമനം ഹൈകോടതി റദ്ദാക്കി. നിയമനം ചട്ടപ്രകാരമല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മാർക്കറ്റ് ഫെഡിന്റെ നിയമാവലി അനുസരിച്ച് സർക്കാറുമായി കൂടിയാലോചിച്ച് സബ്സിഡിയറി റൂൾസ് ആൻഡ് സർവിസ് റെഗുലേഷൻ പ്രകാരമുള്ള സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥനെ ഡയറക്ടർ ബോർഡാണ് നിയമിക്കേണ്ടതെന്നിരിക്കെ ചട്ടം പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വയനാട് സ്വദേശിയും മാർക്കറ്റ് ഫെഡിൽ അഫിലിയേറ്റ് ചെയ്ത പ്രാഥമിക സംഘത്തിൽ അംഗവുമായ എ. കൃഷ്ണൻ നൽകിയ അപ്പീൽ ഹരജിയിലാണ് ഉത്തരവ്.
സഹകരണ മന്ത്രിയുടെ നിർദേശ പ്രകാരം ചട്ടം പാലിക്കാതെ എം.ഡിയെ നിയമിച്ചതെന്നാരോപിച്ച് നൽകിയ ഹരജി സിംഗിൾബെഞ്ച് തള്ളിയതിനെതിരെയാണ് അപ്പീൽ നൽകിയത്. നിയമപരമായി ഈ ആവശ്യം ഉന്നയിക്കാൻ ഹരജിക്കാരന് അവകാശമില്ലെന്നായിരുന്നു സിംഗിൾബെഞ്ചിന്റെ നിരീക്ഷണം. മാർക്കറ്റ്ഫെഡിന്റെ നിയമാവലിയിൽ എം.ഡി നിയമനം ഡയറക്ടർ ബോർഡ് നടത്തണമെന്ന് പറയുന്നുണ്ടെങ്കിലും നിയമനം സർക്കാർ നടത്തുകയും ഡയറക്ടർ ബോർഡ് അംഗീകരിക്കുകയുമാണ് ചെയ്തിരുന്നതെന്ന് സർക്കാറും മാർക്കറ്റ്ഫെഡും വിശദീകരിച്ചു.
2018 മേയ് 25 നായിരുന്നു എസ്.കെ. സനിലിന്റെ നിയമനം. എന്നാൽ, ചട്ടപ്രകാരമല്ലാത്ത നിയമനം ഡയറക്ടർ ബോർഡ് അംഗീകരിച്ചതുകൊണ്ട് നിയമപരമാവില്ലെന്ന് കോടതി വ്യക്തമാക്കി. മുൻകാലങ്ങളിൽ ഈ വ്യവസ്ഥകൾ പാലിച്ചില്ലെന്ന വാദത്തിനും പ്രസക്തിയില്ല. നിയമനം നൽകുമ്പോൾ എസ്.കെ. സനിൽ സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നില്ല. അതേസമയം, എസ്.കെ. സനിൽ എം.ഡിയായിരുന്ന കഴിഞ്ഞ നാലു വർഷങ്ങളിലെ നയതീരുമാനങ്ങളൊന്നും അസാധുവാക്കുന്നില്ലെന്നും സനിൽ കൈപ്പറ്റിയ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചു പിടിക്കേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

