ശബരിമലയിൽ സ്വർണക്കൊടിമരം പുതുക്കി സ്ഥാപിച്ചത് അന്വേഷിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ശബരിമല സന്നിധാനത്ത് 2017ൽ സ്വർണക്കൊടിമരം പുതുക്കി സ്ഥാപിച്ചത് വിജിലൻസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഹൈകോടതി. കുറ്റകൃത്യം സംബന്ധിച്ച പ്രാഥമിക അന്വേഷണത്തിന് ഉടൻ സംഘത്തെ നിയോഗിക്കണം. കൊടിമര അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് 2016 മുതലുള്ള ദേവസ്വം രേഖകളും മഹസറുകളും മറ്റ് തെളിവുകളും പിടിച്ചെടുത്ത് വിജിലൻസ് ഡയറക്ടർക്ക് കൈമാറണമെന്ന് ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകി.
ഒരു മാസത്തിനകം പ്രാഥമികാന്വേഷണ റിപ്പോർട്ട് കോടതിക്ക് നൽകണം. യു.ഡി.എഫ് നിയമിച്ച സമിതിയുടെ കാലത്ത് നടന്ന കൊടിമര പ്രതിഷ്ഠയിൽ സ്വർണവും പണവും ദുരുപയോഗം ചെയ്തിരിക്കാമെന്ന ദേവസ്വം വിജിലൻസ് റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സ്വമേധയാ ഹരജിയിലാണ് നടപടി. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രണ്ട് കേസുകളിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് കൊടിമരക്കേസ് വിജിലൻസിനെ ഏൽപിച്ചത്.
വിജയ് മല്യയുടെ മക്ഡൊവൽ ഗ്രൂപ്പ് നേരത്തെ സ്വർണം പൊതിഞ്ഞ കൊടിമരം ദ്രവിച്ചതിനാൽ 2017ൽ നീക്കിയിരുന്നു. ഹൈദരാബാദ് ഫീനിക്സ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ ചെലവിൽ പുനർനിർമിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി കസ്റ്റംസിൽ നിന്ന് ദേവസ്വം ചീഫ് എൻജിനിയർ മുഖേന 9.161 കിലോ സ്വർണം വാങ്ങുകയും പത്തനംതിട്ട ധനലക്ഷ്മി ബാങ്കിൽ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസറുടെ പേരിൽ അക്കൗണ്ട് തുറക്കുകയും ചെയ്തു. തുടർന്ന് ചില ഭക്തരും സ്വർണം സംഭാവന ചെയ്തു. ഇതിൽ ഒരു നടൻ നൽകിയ സ്വർണവും നിർമാതാവ് നൽകിയ സ്വർണ ബിസ്കറ്റുകളും ഉൾപ്പെടും. എല്ലാ നടപടികളും സുതാര്യമാകണമെന്നും വിലപ്പെട്ടതെല്ലാം സംരക്ഷിക്കണമെന്നും അഭിഭാഷക കമീഷണർ എ.എസ്.പി കുറുപ്പിന്റെ മേൽനോട്ടമുണ്ടായിരിക്കെ തന്നെ കോടതി അന്ന് പ്രത്യേകം നിർദേശിച്ചിരുന്നു.
പുതിയ കൊടിമരത്തിന് എസ്റ്റിമേറ്റ് 3.2 കോടി
പുതിയ കൊടിമരത്തിന് 3.2 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ഇട്ടത്. ആകെ ലഭ്യമാക്കിയ 9573.010ൽ 9340.200 ഗ്രാം സ്വർണവും കൊടിമരം പൂശാനായി ഉപയോഗിച്ചെങ്കിലും സ്വർണം നൽകിയ ഭക്തർക്ക് ഇതിന്റെ അളവടക്കം വിശദമാക്കുന്ന ഫോം3 എ രസീത് നൽകിയില്ല. വ്യക്തിഗത അളവുകൾ കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്ന് കണക്കിലെടുക്കുമ്പോൾ ദുരുപയോഗം സംശയിക്കാവുന്നതാണെന്നും നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ച പറ്റിയെന്നുമാണ് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. വ്യക്തത വരുത്താനായി സ്വർണം സംഭാവന നൽകിയ 27 പേരുടെ മൊഴിയെടുക്കലും സാമ്പത്തിക ഇടപാടുകളുടെ പരിശോധനയും വേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിക്കാൻ കോടതി നിർദേശിച്ചത്. വിഷയം വീണ്ടും പരിഗണിക്കുന്ന 19ന് പ്രത്യേക അന്വേഷണ സംഘം മേധാവി എസ്.പി എസ്. ശശിധരനും ദേവസ്വം ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർ വി. സുനിൽകുമാറും നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

