പാലിയേക്കരയിൽ ഒരുമാസം ടോൾ പിരിക്കരുത് -ഹൈകോടതി ഉത്തരവ്
text_fieldsPaliyekkara toll plaza
കൊച്ചി: പാലിയേക്കരയിൽ തകർന്ന റോഡിലെ ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ഹൈകോടതി ഉത്തരവ്. ഒരുമാസത്തേക്ക് ഇവിടെ ടോൾ പിരിക്കരുതെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് ഉത്തരവിട്ടത്.
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്കും റോഡുകളുടെ അവസ്ഥയും സംബന്ധിച്ച് വ്യാപകമായ പരാതി ഉയരുന്നുണ്ട്. നിലവിലെ അവസ്ഥയില്‍ യാത്രചെയ്യുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടാണെന്നും ടോള്‍ പിരിക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് കോടതിയെ സമീപിച്ചത്. ടോൾ പിരിവ് എന്നെന്നേക്കുമായി പൂർണമായും നിർത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഒരുമാസത്തേക്ക് വിലക്കിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നാലാഴ്ചക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും.
തകർന്ന റോഡുകൾ നന്നാക്കുമെന്ന് ദേശീയപാത അതോറിറ്റി ഒരുമാസം മുൻപ് നൽകിയ വാക്ക് പാലിച്ചില്ലെന്ന് കോടതി വിമർശിച്ചു. എന്നാൽ സർവീസ് റോഡ് സൗകര്യം നൽകിയിരുന്നുവെന്നും സർവിസ് റോഡ് തകർന്നതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമെന്നും ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാനാകുമെന്ന് ദേശീയപാതാ അതോറിറ്റി റിപ്പോർട്ട് നൽകി.
റോഡ് മോശമാണെങ്കില്‍ ടോള്‍ പിരിക്കുന്നത് ശരിയാണോയെന്ന് ഹൈകോടതി ആരാഞ്ഞിരുന്നു. അടിപ്പാതകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കണമെന്ന് ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
നേരത്തെ പാലിയേക്കരയിലെ ടോള്‍പിരിവ് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ദേശീയപാതയിലെ അടിപ്പാത നിര്‍മാണം മൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗമമായ ഗതാഗതം ഉറപ്പുവരുത്തുംവരെ പാലിയേക്കരയിലെ ടോള്‍പിരിവ് നിര്‍ത്തിവെയ്ക്കണമെന്നാണ് കലക്ടര്‍ ഉത്തരവിട്ടിരുന്നത്. അതേസമയം പാലിയേക്കരയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് നടപടി ഉണ്ടാകണമെന്ന് കോടതി ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

