ഗവേഷക വിദ്യാർഥിക്ക് ഫെലോഷിപ് തുക നൽകിയില്ലെങ്കിൽ കാലടി സർവകലാശാല വി.സിക്കും രജിസ്ട്രാർക്കും ശമ്പളം നൽകരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഗവേഷക വിദ്യാർഥിക്ക് ഫെലോഷിപ് തുക നൽകാത്തപക്ഷം കാലടി സർവകലാശാല വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും ശമ്പളം നൽകരുതെന്ന് ഹൈകോടതി. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരുപറഞ്ഞ് അർഹതപ്പെട്ട ഫെലോഷിപ് നൽകുന്നില്ലെന്ന് കാട്ടി സർവകലാശാലയിലെ ഗവേഷക വിദ്യാർഥി ഇ. ആദർശ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ഡി.കെ. സിങ്ങിന്റെ ഉത്തരവ്.
സാമ്പത്തിക ബുദ്ധിമുട്ട് സർവകലാശാല വിശദീകരിച്ചെങ്കിലും രജിസ്ട്രാർ അടക്കമുള്ളവർക്ക് ശമ്പളം ലഭിക്കുന്നില്ലേയെന്ന് കോടതി ആരാഞ്ഞു. കിട്ടുന്നുണ്ടെന്നായിരുന്നു സർവകലാശാലയുടെ മറുപടി. എങ്കിൽ ഫെലോഷിപ് മുടങ്ങാതെ ലഭിക്കാനുള്ള അർഹത ഹരജിക്കാരനുണ്ടെന്ന് കോടതി വ്യക്തമാക്കി.
സർക്കാർ 2.62 കോടിയുടെ സഹായം അടുത്തിടെ അനുവദിച്ചതും ചൂണ്ടിക്കാട്ടി. തുടർന്നാണ് കുടിശ്ശികയായ ഫെലോഷിപ് ഒരുമാസത്തിനകവും തുടർന്നുള്ള തുക മുടക്കം വരുത്താതെയും നൽകാൻ ആവശ്യപ്പെട്ടത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വി.സിക്കും രജിസ്ട്രാർക്കും ശമ്പളം നൽകരുതെന്നും നിർദേശിച്ചു. മലയാള ഗവേഷണ വിദ്യാർഥിയായ ഹരജിക്കാരന് ഫെലോഷിപ് ഒരുവർഷമായിട്ടും കിട്ടാതെ വന്നതോടെയാണ് ഹൈകോടതിയെ സമീപിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ യുവ കവിത പുരസ്കാര ജേതാവാണ് ഹരജിക്കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

