ശബരിമലയിലെ പോസ്റ്റ് ഓഫീസ് വഴി 14 ലക്ഷത്തിന്‍റെ മണി ഓർഡർ; ജീവനക്കാരുടെ സംശയകരമായ പണമിടപാടിൽ അന്വേഷണത്തിന് ഉത്തരവ്
text_fieldsകൊച്ചി: മണ്ഡല, മകരവിളക്ക് കാലത്ത് ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ സംശയകരമായ പണമിടപാടുകൾ സംബന്ധിച്ച് വിശദ അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. താൽക്കാലിക ജീവനക്കാരടക്കം ഒരു വിഭാഗം സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ശബരിമല സ്പെഷ്യൽ കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ (എസ്.പി) അന്വേഷണം നടത്താനാണ് നിർദേശം. അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചക്കകം സമർപ്പിക്കണം.
2025 നവംബർ 17 മുതൽ ശബരിമലയിലെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നടന്ന നിക്ഷേപങ്ങളെക്കുറിച്ച് വിജിലൻസ് വിഭാഗം രഹസ്യാന്വേഷണം നടത്തിയിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 14.08 ലക്ഷം രൂപ പോസ്റ്റ് ഓഫീസ് വഴി മണി ഓർഡറായി കൈമാറിയെന്ന് കണ്ടെത്തി. ഒരു ജീവനക്കാരൻ 1.38 ലക്ഷത്തിന്റേയും മറ്റൊരാൾ 1.07 ലക്ഷത്തിന്റേയും ഇടപാടുകൾ നടത്തി. അഞ്ചു പേർ 25,000 രൂപയിലധികം വീട്ടുകാർക്കും മറ്റുമായി മണി ഓർഡർ അയച്ചിട്ടുണ്ട്. മറ്റ് മൂന്ന് പേരുടെ ഇടപാടുകളും സംശയാസ്പദമാണ്.
വിജിലൻസ് ഓഫീസർക്ക് മുന്നിൽ ഹാജരാകാൻ നിർദേശിച്ചിട്ടും ഇവർ തയാറായില്ല. സംഭവം ഗൗരവകരമാണെന്ന് നിരീക്ഷിച്ച കോടതി, സന്നിധാനത്തെ എസ്.ബി.ഐ, ധനലക്ഷ്മി ബാങ്ക്, പോസ്റ്റ് ഓഫീസുകൾ എന്നിവിടങ്ങളിലെ ഇടപാട് വിവരങ്ങൾ ശേഖരിക്കാൻ നിർദേശിച്ചു. മണ്ഡല കാലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിച്ച് പരിശോധന നടത്തണം. ക്രിമിനൽ അന്വേഷണത്തിനായി സന്നിധാനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പടുത്തിയതായി ബോർഡും അറിയിച്ചു. കേസ് മാർച്ച് 11ന് കോടതി വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

