ഹരജിക്കാരൻ ഭാര്യക്കായി നൽകിയ 40 ലക്ഷം അഭിഭാഷക ഭർത്താവിന്‍റെ ബിസിനസിനായി വകമാറ്റി; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈകോടതി
text_fieldsകൊച്ചി: കുടുംബ കോടതി മധ്യസ്ഥ വ്യവസ്ഥയുടെ ഭാഗമായി ഭാര്യക്ക് കൈമാറാൻ നൽകിയ 40 ലക്ഷം രൂപ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് അഭിഭാഷകക്കെതിരെ വിശദമായ അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. തനിക്കുവേണ്ടി നെടുമങ്ങാട് കുടുംബ കോടതിയിൽ ഹാജരായ അഭിഭാഷക സുലൈഖക്കെതിരെ ഹാഷിം എന്നയാൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഉത്തരവ്.
നെടുമങ്ങാട് കുടുംബ കോടതിയിൽ ഭാര്യ ഹരജിക്കാരനെതിരെ നൽകിയ പരാതി മധ്യസ്ഥ വ്യവസ്ഥയിൽ തീർപ്പായതോടെ തീരുമാന പ്രകാരമുള്ള 40 ലക്ഷം രൂപ അവർക്ക് കൈമാറാനായി അഭിഭാഷകയെ ഏൽപിക്കുകയായിരുന്നു. എന്നാൽ, തുക ദുരുപയോഗം ചെയ്തെന്ന് മനസ്സിലായതോടെ റൂറൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുകയും നെടുമങ്ങാട് പൊലീസ് കേസെടുക്കുകയും ചെയ്തു. അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയെ സമീപിച്ചത്. അഭിഭാഷകക്കെതിരെ നടപടിക്ക് ബാർ കൗൺസിലിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹരജിക്കാരൻ അയച്ച 40 ലക്ഷം രൂപയിൽ 28,80,000 രൂപ ഭർത്താവിന്‍റെ ബിസിനസ് ആവശ്യത്തിനായി വകമാറ്റിയെന്ന് അഭിഭാഷക സത്യവാങ്മൂലത്തിൽ സമ്മതിച്ചു. ബാക്കി 11,20,000 രൂപ ഹരജിക്കാരന് മടക്കി നൽകി. വകമാറ്റിയ തുക മടക്കി നൽകാൻ തയാറാണെന്ന് അഭിഭാഷക അറിയച്ചതിനെത്തുടർന്ന് പത്തു ദിവസം കോടതി അനുവദിച്ചെങ്കിലും കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ പണം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി.
തുടർന്നാണ് ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ വിശദ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാമെന്നും ഉത്തരവിൽ പറയുന്നു. തുടർന്ന് ഹരജി നവംബർ ആറിന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

