കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർത്തു നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: വിവാഹത്തിനുമുമ്പ് ഒരുമിച്ച് താമസിക്കുന്ന കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാൻ ഹൈകോടതി ഉത്തരവ്. ‘സിംഗിൾ അമ്മ’ എന്ന നിലയിലാണ് കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തതെന്നതിനാൽ ജനന സർട്ടിഫിക്കറ്റിൽ പിന്നീട് പിതാവിന്റെ പേര് ചേർക്കാൻ നിയമപ്രകാരം കഴിയില്ലെന്നിരിക്കെയാണ് അസാധാരണ അധികാരം ഉപയോഗിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
കുട്ടിയുടെ ഭാവിയും അന്തസ്സും കണക്കിലെടുത്താണ് ഈ അധികാരം ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി, പിതാവിന്റെ പേരുചേർത്ത പുതിയ ജനന സർട്ടിഫിക്കറ്റ് 30 ദിവസത്തിനകം നൽകാൻ പത്തനംതിട്ട പള്ളിക്കൽ ഗ്രാമപഞ്ചായത്തിന് നിർദേശം നൽകി. നിലവിൽ തമിഴ്നാട്ടിൽ താമസിക്കുന്ന കോട്ടയം, കാസർകോട് സ്വദേശികളായ ദമ്പതികളുടെ ഹരജി അനുവദിച്ചാണ് ഉത്തരവ്. ദുബൈയിൽ ജോലി ചെയ്യുന്ന കാലത്ത് ഇരുവരും പ്രണയത്തിലായെങ്കിലും വിവാഹത്തിന് യുവാവിന്റെ വീട്ടുകാർ സമ്മതിക്കാതിരുന്നതിനെ തുടർന്ന് ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. വിവാഹത്തിനു മുമ്പ് കുട്ടി വേണ്ടെന്ന തീരുമാനത്തിൽ മാറ്റംവന്നതോടെ ജീവിതപങ്കാളിയുടെ ബീജം സ്വീകരിച്ച് 2012ൽ കൃത്രിമ ഗർഭധാരണത്തിലൂടെ പെൺകുട്ടിക്ക് ജന്മം നൽകി.
സിംഗിൾ അമ്മ ആയതിനാൽ പഞ്ചായത്ത് നൽകിയ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഒഴിച്ചിട്ടു. 2018ൽ ഇരുവരും വിവാഹിതരാവുകയും പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീട് ഇരുവരും തമ്മിൽ സ്വരച്ചേർച്ചയില്ലാതെ വന്നതോടെ കുട്ടിയുടെ പിതൃത്വ പ്രഖ്യാപനത്തിനായി യുവതി കോട്ടയം കുടുംബ കോടതിയിൽ ഹരജി നൽകി. തർക്കം ഇരുവരും ചർച്ചയിലൂടെ പരിഹരിച്ചതിന് പിന്നാലെ നിയമപരമായി വിവാഹം കഴിച്ചവരാണെന്നും കുട്ടിയുടെ മാതാപിതാക്കൾ തങ്ങളാണെന്നും ഇരുവരും കോടതിയിൽ സമ്മതിച്ചു. ഇതെല്ലാം അംഗീകരിച്ച് കുടുംബ കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

