ട്രെയിനിൽ ഓടിക്കയറുന്നതിനിടെ കാൽ അറ്റ സംഭവം; യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ ഹൈകോടതി ഉത്തരവ്
text_fieldsകൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാലുകൾ അറ്റ യാത്രക്കാരന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ഹൈകോടതി. റെയിൽവെ ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ മാധ്യമപ്രവർത്തകനായിരുന്ന യാത്രക്കാരൻ സിദ്ധാർഥ് കെ. ഭട്ടതിരി നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ വിധി.
ട്രെയിനിൽ ഓടിക്കയറിയത് മൂലമുള്ള പരിക്ക് സ്വയം ഏൽപിച്ചതാണെന്ന് വിലയിരുത്തി യാത്രക്കാരൻ നഷ്ടപരിഹാരത്തിന് അർഹനല്ലെന്നാണ് ട്രൈബ്യൂണൽ വിധിച്ചത്. എന്നാൽ, റെയിൽവേ ആക്ടിലെ ‘സ്വയം വരുത്തിവെച്ച പരിക്ക്’ എന്നത് മനപ്പൂർവമായ ഉദേശത്തോടെ ചെയ്യുന്നതാകണമെന്നും കേവലമായ അശ്രദ്ധയിൽ സംഭവിക്കുന്ന അപകടം അത്തരത്തിലുള്ളതല്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് എസ്. മനു യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. എട്ടു ലക്ഷം രൂപയാണ് റെയിൽവേ നഷ്ടപരിഹാരമായി നൽകേണ്ടത്.
2022 നവംബർ 19നാണ് കൈരളി ടി.വിയിൽ മാധ്യമ പ്രവർത്തകനായിരുന്ന സിദ്ധാർഥ് കെ. ഭട്ടതിരി ഡൽഹിയിലേക്ക് ട്രെയിൻ കയറുന്നത്. സൂറത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളം വാങ്ങാൻ ഇറങ്ങിയ സിദ്ധാർഥ് ട്രെയിൻ ഓടിത്തുടങ്ങിയപ്പോൾ കയറാൻ ശ്രമിക്കുകയും വീഴുകയുമായിരുന്നു. ഹരജിക്കാരന് വേണ്ടി പി. ആദിൽ, മുഹമ്മദ് ഇബ്രാഹിം, ഷബീർ അലി എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

