മൈക്രോ ഫിനാൻസ് കേസ്; പിന്നാക്ക വികസന സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: എസ്.എൻ.ഡി.പി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പു കേസിൽ പ്രോസിക്യൂഷൻ അനുമതി വൈകുന്നത് സംബന്ധിച്ച വിശദീകരണത്തിന് പിന്നാക്ക വികസന അഡീഷനൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാൻ ഹൈകോടതി ഉത്തരവ്. പ്രോസിക്യൂഷൻ അനുമതിയിൽ സെപ്റ്റംബർ 10നകം തീരുമാനമെടുക്കണമെന്ന കോടതി നിർദേശം പാലിക്കുന്നതിൽ വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടിയാണ് വിശദീകരണം നൽകാൻ വകുപ്പ് സെക്രട്ടറി വെള്ളിയാഴ്ച നേരിട്ടെത്തണമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
തീരുമാനമെടുക്കാൻ സർക്കാർ രണ്ടാഴ്ച കൂടി സമയം തേടിയെങ്കിലും നിർദേശം നൽകി രണ്ടാഴ്ച പിന്നിട്ടതായി ചൂണ്ടിക്കാട്ടിയ കോടതി, ഈ ആവശ്യം നിരസിച്ചു. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ മാരാരിക്കുളം സ്വദേശി എം.എസ്. അനിൽ നൽകിയ ഉപഹരജിയാണ് കോടതിയിലുള്ളത്.
എട്ടു കേസിൽ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് നേരത്തെ ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയരുന്നു. വയനാട് പുൽപള്ളിയിലെ കേസിൽ പ്രോസിക്യൂഷൻ നടപടിക്ക് സർക്കാറിന്റെ അനുമതി തേടിയതടക്കം വിശദാംശങ്ങളും അറിയിച്ചു. തുടർന്നാണ് സെപ്റ്റംബർ 10നകം തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചത്.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാതിയെ തുടർന്നാണ് മൈക്രോ ഫിനാൻസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് എൻ. സോമൻ, മൈക്രോ ഫിനാൻസ് കോഓഡിനേറ്റർ കെ.കെ. മഹേശൻ എന്നിവർ കെ.എസ്.ബി.സി.ഡി.സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകൾ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

