തുളസിത്തറയെ അപമാനിച്ച ഹോട്ടൽ ഉടമക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: തുളസിത്തറയെ അപമാനിച്ച ഹോട്ടൽ ഉടമക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്ന് ഹൈകോടതി. ഹിന്ദു സമൂഹം പവിത്രമായി കരുതുന്ന തുളസിത്തറക്ക് നേരെ ചെയ്ത പ്രവൃത്തി മത വികാരം വ്രണപ്പെടുത്തുന്നതാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്.
ഗുരുവായൂരിൽ ഹോട്ടൽ ഉടമയായ അബ്ദുൽ ഹക്കീമിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ പ്രതിയായ ആലപ്പുഴ സ്വദേശി ആർ. ശ്രീരാജിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി നിർദേശം.
ഹരജിക്കാരൻ നൽകിയ പെൻഡ്രൈവിലെ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. കുറ്റം ചെയ്തയാൾ മനോരോഗിയാണെന്നാണ് പറയുന്നത്. എന്നാൽ, വിഡിയോ ദൃശ്യങ്ങളിൽനിന്ന് പ്രഥമദൃഷ്ട്യാ ഇത് സത്യമാണെന്ന് കരുതാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
മാത്രമല്ല, സ്വന്തം പേരിൽ ലൈസൻസുള്ള ഹോട്ടലും ഇയാൾ നടത്തുന്നുണ്ട്. ഒരു മനോരോഗിക്ക് എങ്ങനെ ഡ്രൈവിംഗ് ലൈസൻസ് കിട്ടിയെന്നും അന്വേഷിക്കണം. വിഡിയോ പ്രചരിപ്പിച്ചതെന്ന് പറയുന്ന ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ തന്റെ പേരിലുള്ളതല്ലെന്ന ഹരജിക്കാരന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ സ്വന്തവും തത്തുല്യ തുകക്കുമുള്ള രണ്ട് ആൾ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

