സൂരജ് ലാമയെ തോൽപ്പിച്ചു കളഞ്ഞു; ഭീതിദമായ വിധിയാണ് സഹിക്കേണ്ടിവന്നതെന്നും ഹൈകോടതി
text_fieldsകൊച്ചി: ഓരോ പൗരനും തുല്യരാണെന്നും ആരും മറ്റൊരാളേക്കാൾ മുകളിലോ താഴെയോ അല്ലെന്നും പറയുന്ന രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങൾ സൂരജ് ലാമയെന്ന ഇന്ത്യൻ പൗരനെ തോൽപ്പിച്ചു കളഞ്ഞെന്ന് ഹൈകോടതി.
കുവൈത്തിൽനിന്ന് നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തിയ ശേഷം കാണാതായ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ പരാമർശം.
കസ്റ്റഡിയിലെടുത്ത ഇന്ത്യൻ പൗരനെ അയാളുടെ രാജ്യത്തേക്കാണ് കുവൈത്ത് നാടുകടത്തിയത്. എന്നാൽ, ഭീതിദമായ വിധിയാണ് അയാൾക്ക് സഹിക്കേണ്ടിവന്നത്. ഒരു മകനോ മകളോ ഭാര്യയോ മാത്രം നിശബ്ദമായി ദുഃഖം അനുഭവിക്കേണ്ടിവരുന്ന ദുരവസ്ഥയാണിപ്പോഴുള്ളത്. കുടുംബമായി മാന്യമായ ജീവിതം നയിച്ചിരുന്ന അദ്ദേഹം കേരളത്തിൽ ആരാലുമറിയാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു.
ഓർമ നഷ്ടപ്പെട്ട നിലയിൽ കൊച്ചിയിൽ ദിവസങ്ങളോളം അലഞ്ഞുതിരിഞ്ഞ ശേഷം ആശുപത്രിയിൽനിന്ന് കാണാതായ സാഹചര്യം കൂടി പരിഗണിച്ച് കോടതി അമിക്കസ് ക്യൂറി റാംകുമാർ നമ്പ്യാരുടെ സഹായം തേടി.
സ്വയം പരിപാലനം പോലും സാധ്യമല്ലാത്ത ലാമയെ അദ്ദേഹത്തിന്‍റെ യഥാർഥ സ്ഥിതി മനസ്സിലാക്കാതെ കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷൻ, സെക്യൂരിറ്റി അടക്കം അധികൃതർ പുറത്തേക്ക് വിട്ടത് ദൗർഭാഗ്യകരമാണെന്ന് ആലുവ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ റിപ്പോർട്ട് പരാമർശിച്ച കോടതി നിരീക്ഷിച്ചു. പോകാൻ അനുവദിച്ചത് പ്രോട്ടോക്കോൾ അനുസരിച്ചാണെന്നാണ് എയർപോർട്ട് അതോറിറ്റിയുടെ വിശദീകരണം. ഇത് വിശദമായി പരിശോധിക്കേണ്ടതുണ്ട്.
കളമശ്ശേരി എച്ച്.എം.ടിക്ക് സമീപത്തുനിന്ന് കണ്ടെത്തിയ ലാമയുടേതെന്ന് കരുതുന്ന മൃതദേഹത്തിന്‍റെ ഡി.എൻ.എ പരിശോധന ഫലത്തെക്കുറിച്ച് അറിയിക്കാൻ സർക്കാറിന് നിർദേശം നൽകിയ കോടതി, ഹരജി വീണ്ടും ജനുവരി ആറിന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

