Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐ നിയമനം: 22ലെ പരീക്ഷ നടത്താമെന്ന് ഹൈകോടതി

text_fields
bookmark_border
കെ.എ.ടിയുടെ സ്റ്റേ നീക്കി
എസ്.ഐ നിയമനം: 22ലെ പരീക്ഷ നടത്താമെന്ന് ഹൈകോടതി
cancel

കൊച്ചി: പൊലീസ് സബ് ഇൻസ്‌പെക്ടർ (സിവിൽ, ആംഡ്) നിയമനത്തിനുള്ള പി.എസ്.സി ബിരുദതല മുഖ്യപരീക്ഷ 22നുതന്നെ നടത്താൻ ഹൈകോടതിയുടെ അനുമതി. പരീക്ഷ സ്റ്റേ ചെയ്ത കേരള അഡ്‌മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്‍റെ (കെ.എ.ടി) ഉത്തരവ് പരിഷ്കരിച്ചാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ വിധി. പരീക്ഷയെ തുടർന്ന് നിയമന നടപടികളും തുടരാം. നിയമനങ്ങൾ ഇത് സംബന്ധിച്ച് കെ.എ.ടി മുമ്പാകെയുള്ള ഹരജിയിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

എസ്.ഐ നിയമനത്തിനായി 2019 ഡിസംബർ 30ന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം 1.4 ലക്ഷത്തോളം അപേക്ഷകരിൽനിന്ന് പ്രാഥമിക പരീക്ഷ നടത്തി മുഖ്യ പരീക്ഷക്ക് യോഗ്യരായ 6336 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് പട്ടികയിൽ ഉൾപ്പെടാത്ത ചില ഉദ്യോഗാർഥികൾ കെ.എ.ടിയെ സമീപിക്കുകയായിരുന്നു. പരീക്ഷയുടെ കാര്യം വിജ്ഞാപനത്തിലുണ്ടായിരുന്നില്ലെന്നും ഇത് പി.എസ്.സിയുടെ നടപടിക്രമത്തിൽ ഉൾപ്പെടുത്തിയത് 2020 ആഗസ്റ്റ് 11 മുതലാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. തങ്ങളെയും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. ഈ ആവശ്യം പരിഗണിച്ചാണ് ട്രൈബ്യൂണൽ പരീക്ഷ സ്റ്റേ ചെയ്തത്. ഇതിനെതിരെ പി.എസ്.സി നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയത്.

പരീക്ഷക്ക് പി.എസ്.സി സജ്ജീകരണങ്ങൾ പൂർത്തിയാക്കിയത് കോടതി ചൂണ്ടിക്കാട്ടി. മുഖ്യ പരീക്ഷക്ക് യോഗ്യത നേടിയവർക്ക് സ്റ്റേ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് ട്രൈബ്യൂണൽ പരിഗണിക്കണമായിരുന്നു. പരീക്ഷ മാറ്റിവെക്കണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടിട്ടില്ല. തുടർന്ന് സ്റ്റേ പിൻവലിച്ച് കെ.എ.ടി ഉത്തരവ് ഡിവിഷൻബെഞ്ച് പരിഷ്കരിക്കുകയായിരുന്നു. ട്രൈബ്യൂണൽ മുമ്പാകെയുള്ള ഹരജികൾ മൂന്നു മാസത്തിനകം തീർപ്പാക്കണമെന്നും കോടതിയുടെ നിരീക്ഷണങ്ങൾക്ക് കേസിന്‍റെ മെറിറ്റുമായി ബന്ധമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - High court on SI Appoinment
Next Story