പരോൾ വർധനയിൽ ഹൈകോടതി; വിനോദയാത്രക്കും പരോൾ തേടുന്ന അവസ്ഥയുണ്ടാകും
text_fieldsഹൈകോടതി
കൊച്ചി: ചെറിയ കാരണങ്ങളുടെ പേരിൽ തടവുകാർക്ക് പരോൾ അനുവദിക്കുന്ന പ്രവണത വർധിച്ചാൽ, കുടുംബത്തോടൊപ്പം വിനോദയാത്ര നടത്താനും ഉത്സവങ്ങൾക്കും പള്ളിപ്പെരുന്നാളിനുമടക്കം പരോൾ ആവശ്യപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന് ഹൈകോടതി.
നിയമപരമായി അനുവദിച്ചതോ കോടതിയുടെ നിരീക്ഷണത്തിൽ അസാധാരണമെന്ന് കരുതാവുന്നതോ അല്ലാത്ത സാഹചര്യങ്ങളിൽ പരോൾ അനുവദിക്കുന്നത് ജനങ്ങൾക്കും ഇരകൾക്കും ജുഡീഷ്യറിയിലുള്ള വിശ്വാസ്യത നഷ്ടപ്പെടാനിടയാക്കും. കുറ്റവാളിയും സാധാരണ പൗരനും തമ്മിൽ വ്യത്യാസമില്ലാതാകുമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. തന്റെ ഗർഭശുശ്രൂഷക്കായി കൊലക്കേസ് പ്രതിയായ ഭർത്താവിന് അടിയന്തര പരോൾ നൽകണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹരജി തള്ളിയാണ് നിരീക്ഷണം.
കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരന്റെ ഭാര്യയായ കണ്ണൂർ സ്വദേശിയാണ് ഹരജിക്കാരി. ഐ.വി.എഫ് ചികിത്സയിലൂടെ ഏറെ വർഷത്തിനുശേഷമാണ് ഗർഭിണിയായതെന്നും മറ്റാരുമില്ലാത്തതിനാൽ ഈ ഘട്ടത്തിൽ ഭർത്താവിന്റെ പരിചരണം അനിവാര്യമാണെന്നുമായിരുന്നു വാദം. ഈ ആവശ്യം ജയിൽ സൂപ്രണ്ട് തള്ളിയതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
എന്നാൽ കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാൻ പരോൾ തേടുന്ന ഹരജികൾ വർധിച്ചുവരുന്നതായി കോടതി ചൂണ്ടിക്കാട്ടി. പരിവർത്തനത്തിനുവേണ്ടിയാണ് ജയിലിലടക്കുന്നതെങ്കിലും സാധാരണ പൗരന്റെ അവകാശങ്ങൾ തനിക്കുണ്ടാവില്ലെന്ന് ബോധ്യപ്പെടുത്തുകയെന്നത് കൂടിയാണ് ശിക്ഷ നൽകുന്നതിന്റെ ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

