ദേശീയപാത വിഷയത്തിൽ ഹൈകോടതി;പഴിചാരലല്ല, നിലവാരത്തോടെ പുതുക്കിപ്പണിയലാണ് വേണ്ടത്
text_fieldsകൊച്ചി: ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കുമ്പോൾ, നിർമാണത്തിനിടെ തകർന്നുവീണ ദേശീയപാതയുമായി ബന്ധപ്പെട്ട പരസ്പര പഴിചാരൽ അപ്രസക്തമെന്ന് ഹൈകോടതി. ഉന്നത നിലവാരത്തോടെ പാത പുതുക്കിപ്പണിയുന്നതിനാണ് പ്രധാന്യം നൽകേണ്ടത്. സഞ്ചാരയോഗ്യമായ ദേശീയപാതയുടെ നിർമാണം കൃത്യസമയത്ത് പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി.
റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹരജികൾ പരിഗണിക്കുന്ന കോടതി ദേശീയപാത ഇടിഞ്ഞുവീണ വിഷയത്തിൽ വിശദീകരണം തേടിയിരുന്നു. മലപ്പുറം കൂരിയാടിലടക്കം ഹൈവേ ഇടിഞ്ഞുതാണതിന്റെ കാരണങ്ങൾ വിശദീകരിച്ച ദേശീയപാത (എൻ.എച്ച്.എ.ഐ) അഭിഭാഷകൻ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത കാര്യവും അറിയിച്ചു.
ഇടിഞ്ഞ പാതയുടെ ശാസ്ത്രീയമായ പുനർനിർമാണത്തിന് ചെന്നൈ, ഡൽഹി ഐ.ഐ.ടികളുടെ സഹകരണം തേടിയിട്ടുണ്ട്. അതോറിറ്റിയുടെ ചെയർമാൻ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. രാമനാട്ടുകര-വളാഞ്ചേരി മേഖലയിൽ വലതു വശത്തെ സർവിസ് റോഡിലൂടെ വാഹനം കടത്തിവിടാനാണ് ശ്രമിക്കുന്നതെന്നും അറിയിച്ചു.
ഇതിനുപിന്നാലെയാണ് പരസ്പരമുള്ള പഴിചാരലല്ല ഇപ്പോൾ വേണ്ടതെന്ന് കോടതി ഓർമിപ്പിച്ചത്. നിർമാണവുമായി ബന്ധപ്പെട്ട് എവിടെയൊക്കെയോ പിഴവു സംഭവിച്ചിട്ടുണ്ട്.
എന്നിട്ടും ജനം ക്ഷമയോടെ കാത്തിരിക്കുകയാണ്. പരസ്പരം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. പ്രശ്നങ്ങൾ പരിഹരിച്ച് എങ്ങനെ മുന്നോട്ട് പോകാനാവും എന്നതിലാണ് കാര്യം. വീഴ്ചവരുത്തിയവർക്കെതിരെ നടപടി വേണം. കൃത്യസമയത്ത് ദേശീയപാത നിർമാണം പൂർത്തിയാക്കുകയെന്നതും അനിവാര്യമാണ്. സാധാരണ ജനങ്ങളുടെ ശബ്ദമാണ് കോടതി ഉന്നയിക്കുന്നതെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
ഉയരപ്പാതയുടെ നിർമാണം നടക്കുന്ന അരൂർ മേഖലയിൽ മൺസൂൺ ബാധിച്ചിട്ടില്ലെന്നും തുടർനടപടികൾ സംബന്ധിച്ച സമഗ്ര റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും ദേശീയപാത അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് വിഷയം വ്യാഴാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

