തീരനിയന്ത്രണ മേഖല: 136 പഞ്ചായത്തുകളെ രണ്ടാം വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണം -ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാനത്തെ 136 തീരദേശ പഞ്ചായത്തുകളെ തീര നിയന്ത്രണ മേഖലയുടെ (കോസ്റ്റൽ സോൺ) രണ്ടാം വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈകോടതി. പുതിയ കോസ്റ്റൽ സോൺ മാനേജ്മെൻറ് പദ്ധതി തയാറാക്കുമ്പോൾ സംസ്ഥാന സർക്കാറിെൻറ ഈ ആവശ്യം കേന്ദ്രം പരിഗണിക്കണം. എറണാകുളം ജില്ലയിലെ ആലങ്ങാട് പഞ്ചായത്തിനെ അവികസിത മേഖലയെന്ന് കണക്കാക്കി കോസ്റ്റൽ സോൺ മൂന്നിൽ ഉൾപ്പെടുത്തിയതിനെതിരെ പാനായിക്കുളം സ്വദേശി സെലിൽ മൊയ്തീൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
വികസിത മേഖലയായതിനാൽ ആലങ്ങാട് പഞ്ചായത്തിനെ കോസ്റ്റൽ സോൺ രണ്ടിലാണ് ഉൾപ്പെടുത്തേണ്ടിയിരുന്നതെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യം വ്യക്തമാക്കി കോസ്റ്റൽ സോൺ മാനേജ്മെൻറ് അതോറിറ്റിക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ഹരജിയിൽ ആരോപിച്ചിരുന്നു.
എന്നാൽ, 2011 കേന്ദ്ര സർക്കാറിെൻറ വിജ്ഞാപന പ്രകാരം അന്തിമമാക്കിയ കോസ്റ്റൽ സോൺ മാനേജ്മെൻറ് പദ്ധതി തിരുത്താൻ കഴിയില്ലെന്നും 2019ലെ വിജ്ഞാപനപ്രകാരം പുതിയ പദ്ധതി തയാറാക്കുകയാണെന്നും അതോറിറ്റി വിശദീകരിച്ചു.
പൊതു തെളിവെടുപ്പ് ഘട്ടത്തിൽ ഹരജിക്കാരന് ഇൗ ആവശ്യം ഉന്നയിക്കാമെന്നും വ്യക്തമാക്കി. തുടർന്നാണ് സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ കത്ത് പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചത്.

