ഹൈകോടതി നിരീക്ഷണം; തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും ചർച്ചയായി സഭാതർക്കം
text_fieldsതൊടുപുഴ: പള്ളികൾ ഏറ്റെടുക്കുന്നത് റദ്ദാക്കിയ ഹൈകോടതി നടപടിയോടെ വീണ്ടും ചർച്ചയായി മലങ്കര സഭാതർക്കം. യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ പള്ളികൾ കേന്ദ്രീകരിച്ച് നിലനിൽക്കുന്ന അധികാര തർക്കമാണ് വീണ്ടും സജീവ ചർച്ചയാകുന്നത്.
2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയോടെയാണ് ഇടവേളക്കുശേഷം മലങ്കരയിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ പള്ളികൾ കേന്ദ്രീകരിച്ച് അധികാര തർക്കം രൂക്ഷമായത്. ഇത് നിരന്തര സംഘർഷവും ക്രമസമാധന പ്രശ്നവും സൃഷ്ടിച്ചു.വിധിയുടെ ചുവടുപിടിച്ച് യാക്കോബായ വിഭാഗത്തിന്റെ കൈവശമിരുന്ന 60ലേറെ പള്ളികളാണ് നിയമനടപടികളിലൂടെ സർക്കാർ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയത്.
അന്തിമ പ്രശ്നപരിഹാരത്തിന് സർക്കാർ ഇരുവിഭാഗങ്ങളുമായി ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമായില്ല. 2021ൽ വീണ്ടും പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ പ്രശ്നം പരിഹരിക്കാൻ ചർച്ച് ബില്ല് നടപ്പാക്കാൻ നീക്കം നടന്നെങ്കിലും ഇടതുമുന്നണി യോഗം കരട് അംഗീകരിച്ചതല്ലാതെ തുടർനടപടിയുണ്ടായില്ല. എന്നാൽ, സുപ്രീംകോടതി വിധി ആ കേസിൽ ഉൾപ്പെട്ട കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ പള്ളികൾക്ക് മാത്രമാണ് ബാധകമാകുകയെന്ന ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ കഴിഞ്ഞ ദിവത്തെ വിലയിരുത്തലാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇതോടെ ആ വിധിയുടെ ചുവടുപിടിച്ച് നഷ്ടമായ മറ്റു പള്ളികളിലേക്ക് യാക്കോബായ വിശ്വാസികളെത്തിയാൽ അത് ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവക്കുമെന്നാണ് ആശങ്ക.
എറണാകുളം ജില്ലയിലെ പുളിന്താനം സെൻറ് ജോൺസ് ബെസ്ഫാഗെ പള്ളി, ഓടക്കാലി സെന്റ് മേരീസ് പള്ളി, മഴുവന്നൂർ സെന്റ് തോമസ് പള്ളി, പാലക്കാട് ജില്ലയിലെ മംഗലം ഡാം സെന്റ് മേരീസ് പള്ളി, എരിക്കിൻചിറ സെന്റ് മേരീസ് പള്ളി, ചെറുകുന്നം സെന്റ് തോമസ് പള്ളി എന്നിവയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജികളിലാണ് സഭാതർക്കത്തിൽ ദൂരവ്യാപക പ്രതിഫലനമുണ്ടാക്കിയേക്കാവുന്ന വിധിയുണ്ടായത്. ഇതേസമയം പള്ളികൾ നഷ്ടമായ പല സ്ഥലങ്ങളിലും യാക്കോബായ വിഭാഗം പുതിയ പള്ളികൾ നിർമിക്കുകയോ ആരാധനക്കായി താൽക്കാലിക സംവിധാനങ്ങൾ ഒരുക്കുകയോ ചെയ്തു. ഇതിനിടയിലാണ് ഇപ്പോഴത്തെ ഹൈകോടതി വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

