സിനിമ കാണാൻ കോടതി; ‘ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള’ സിനിമ ഹൈകോടതി ജഡ്ജി കാണും
text_fieldsകൊച്ചി: ‘ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള (ജെ.എസ്.കെ)’ എന്ന സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചെന്ന നിർമാതാക്കളുടെ ഹരജിയിൽ തീരുമാനമെടുക്കാൻ സിനിമ കാണാൻ ഹൈകോടതി തീരുമാനം.
ശനിയാഴ്ച രാവിലെ പത്തിന് കൊച്ചി പാലാരിവട്ടം ലാൽ മീഡിയ സ്റ്റുഡിയോയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് സിനിമ കാണുക. ഇതിനാവശ്യമായ സൗകര്യം ഒരുക്കാൻ ഹരജിക്കാരോട് ആവശ്യപ്പെട്ടു. ബന്ധപ്പെട്ട കക്ഷികളുടെ പ്രതിനിധികൾക്കും സിനിമ കാണാം. ബുധനാഴ്ച വിഷയം വീണ്ടും പരിഗണിക്കും. ഇതിനകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സെൻസർ ബോർഡിനോട് കോടതി നിർദേശിച്ചു.
സുരേഷ് ഗോപി നായകനായ സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിർമാതാക്കളായ ‘കോസ്മോ എന്റർടെയ്ൻമെന്റ്സ്’ നൽകിയ ഹരജി പരിഗണനയിലിരിക്കെ ബോർഡിന്റെ റിവൈസിങ് കമ്മിറ്റി സർട്ടിഫിക്കറ്റ് നിഷേധിച്ചിരുന്നു. ഇത് ചോദ്യം ചെയ്തും ഹരജി നൽകി. ഇതുൾപ്പെടെ രണ്ട് ഹരജികളാണ് കോടതി പരിഗണിക്കുന്നത്.
സിനിമയുടെ റിലീസിങ് ജൂൺ 27നാണ് നിശ്ചയിച്ചിരുന്നത്. ബോർഡിന്റെ തീരുമാനം വൈകുന്ന ഓരോ ദിവസത്തേയും നഷ്ടം വലുതാണെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ഹാരിസ് ബീരാൻ എം.പി ബോധിപ്പിച്ചു. കേസ് അനന്തമായി നീട്ടാനാകില്ലെന്ന് കോടതിയും പറഞ്ഞു. സിനിമ നേരിട്ട് കാണാനുള്ള ആവശ്യം കഴിഞ്ഞ ദിവസങ്ങളിൽ ഹരജിക്കാരടക്കം ഉന്നയിച്ചെങ്കിലും സെൻസർ ബോർഡിനോട് എതിർ സത്യവാങ്മൂലം നൽകാൻ നിർദേശിച്ച് ആവശ്യം കോടതി നിരസിച്ചിരുന്നു. എന്നാൽ, ബുധനാഴ്ച ഹരജി പരിഗണിക്കുമ്പോഴും സത്യവാങ്മൂലം സമർപ്പിച്ചിരുന്നില്ല. തുടർന്നാണ് സിനിമ കാണാമെന്ന നിലപാടിലേക്ക് എത്തിയത്.
സെൻസർ ബോർഡിനും അഭിഭാഷകർക്കും മുംബൈയിലെ ഓഫിസിലിരുന്ന് ശനിയാഴ്ച ഇതേ സമയം സിനിമ കാണാൻ സൗകര്യമുണ്ടാകുമോയെന്ന് ബോർഡിന്റെ അഭിഭാഷകൻ അഭിനവ് ചന്ദ്രചൂഡ് ആരാഞ്ഞെങ്കിലും വിഡിയോ കോൺഫറൻസ് പോലുള്ള സൗകര്യം സാധ്യമാകില്ലെന്ന് നിർമാതാക്കൾ അറിയിച്ചു. മാനഭംഗത്തിനിരയായ നായികക്ക് ജാനകിയെന്ന് പേരിട്ടതാണ് സർട്ടിഫിക്കറ്റ് നൽകാൻ തടസ്സമെന്നായിരുന്നു സെൻസർ ബോർഡ് കഴിഞ്ഞ ദിവസം വാക്കാൽ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

