Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘രോഗികളുടെ...

‘രോഗികളുടെ അവകാശങ്ങൾക്ക് മുൻഗണന, ചികിത്സാ നിരക്കുകളും സേവനങ്ങളും പ്രദർശിപ്പിക്കണം’; സ​ർ​ക്കാ​ർ, സ്വകാര്യ ആശുപത്രികൾക്ക് മാ​ർ​ഗരേ​ഖ​യു​മാ​യി ഹൈകോടതി

text_fields
bookmark_border
High Court
cancel
Listen to this Article

കൊച്ചി: അത്യാഹിത വിഭാഗങ്ങളിലെത്തുന്നവർക്ക് ആശുപത്രികൾ ജീവൻ രക്ഷിക്കാനാവശ്യമായ അടിയന്തര ചികിത്സ നൽകണമെന്ന് ഹൈകോടതി. പണമോ രേഖകളോ കൈവശമില്ലെന്ന പേരിൽ അടിയന്തര ചികിത്സ നിഷേധിക്കരുത്. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റുന്നവർക്ക് സജ്ജീകരണങ്ങളടങ്ങിയ വാഹനമടക്കം സുരക്ഷിത യാത്ര ഉറപ്പാക്കണമെന്നും ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

സർക്കാർ 2018ൽ കൊണ്ടുവന്ന കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമവും ചട്ടങ്ങളും ചോദ്യംചെയ്ത് നൽകിയ അപ്പീൽ ഹരജികൾ തള്ളിയ ഉത്തരവിലാണ് സർക്കാർ, സ്വകാര്യ ആശുപത്രികൾക്കടക്കം ബാധകമായ ഈ നിർദേശങ്ങളുള്ളത്.

ഭരണഘടനക്ക് നിരക്കുന്നതും രാജ്യാന്തര നിലവാരത്തിന് അനുസൃതവുമാണെന്ന് വിലയിരുത്തിയാണ് 2018ലെ നിയമം കോടതി ശരിവെച്ചത്. ആശുപത്രികളിലും ബന്ധപ്പെട്ട വെബ്സൈറ്റിലും ചികിത്സാഫീസും പാക്കേജുകളുടെ തുകയും രോഗികളുടെ അവകാശ വിവരങ്ങളും പ്രദർശിപ്പിക്കണമെന്ന് ഉത്തരവിലുണ്ട്. അറിയിപ്പുകൾ മലയാളത്തിലും ഇംഗ്ലീഷിലും വേണം. ആശുപത്രിയിലെ എല്ലാ ജീവനക്കാരുടെയും സമഗ്രവിവരങ്ങൾ രജിസ്ട്രേഷൻ അതോറിറ്റിക്ക് സമർപ്പിക്കണം.

ആശുപത്രിയിൽ ലഭ്യമായ സേവനങ്ങളുടെയും ഫീസിന്‍റെയും വിശദാംശങ്ങൾ റിസപ്ഷനിലും അഡ്മിഷൻ ഡെസ്കിലും സൈറ്റിലും നൽകണം. ബ്രോഷറുകളും ഇറക്കണം. ബെഡുകൾ, ഐ.സി.യു, ആംബുലൻസ് വിവരങ്ങളും ഫോൺനമ്പറുകളും പ്രദർശിപ്പിക്കണം. നിർദേശങ്ങൾ പാലിക്കുമെന്ന ഉറപ്പ് എല്ലാ സ്ഥാപനങ്ങളും ജില്ല രജിസ്ട്രേഷൻ അതോറിറ്റിക്ക് 30 ദിവസത്തിനകം രേഖാമൂലം നൽകണം.

അതോറിറ്റി 60 ദിവസത്തിനകം പരിശോധന നടത്തി വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ഹൈകോടതി ഉത്തരവിൽ നിർദേശിച്ചു.

ചികിത്സയുടെ പേരിൽ അമിത നിരക്ക് ആശുപത്രികൾ ഈടാക്കുന്നത് തടയുന്നതാണ് കേരളാ ക്ലിനിക്കൽ എക്സ്റ്റാബ്ലിഷ്മെന്‍റ് ആക്ട് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) നിയമം. ഓരോ ചികിത്സാ കേന്ദ്രങ്ങളിലും ലഭിക്കുന്ന സേവനത്തിന്‍റെ വിവരങ്ങളും അതിനുള്ള നിരക്കും എല്ലാവരും കാണുന്നവിധത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണമെന്നാണ് നിയമത്തിന്‍റെ കാതൽ.

ആശുപത്രികൾ, മെറ്റേർണിറ്റി ഹോം, നഴ്സിങ് ഹോം, ക്ലിനിക്, ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ, ലാബ് അടക്കമുള്ള പരിശോധനാ കേന്ദ്രങ്ങൾ എന്നിവ നിയമത്തിന്‍റെ പരിധിയിൽ വരും. സ്റ്റേറ്റ് കൗൺസിലും ജില്ല അതോറിറ്റിയുമാണ് നിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള രണ്ട് പ്രധാന സ്ഥാപനങ്ങൾ. ആരോഗ്യ സെക്രട്ടറിയാണ് സ്റ്റേറ്റ് കൗൺസിലിന്‍റെ തലപ്പത്ത്. രോഗികളുടെ പ്രതിനിധിയും അടങ്ങിയതാണ് സ്റ്റേറ്റ് കൗൺസിൽ. ജില്ല കലക്ടർ ചെയർപേഴ്സണായ ജില്ല അതോറിറ്റിക്ക് ആണ് ആശുപത്രികളുടെ രജിസ്ട്രേഷനടക്കം നടത്താനുള്ള ചുമതലയും ആശുപത്രികൾ പരിശോധിക്കാനുമുള്ള അധികാരമുണ്ട്.

എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷൻ എടുക്കണം. ഇല്ലെങ്കിൽ രണ്ട് ലക്ഷം രൂപ പിഴ ഈടാക്കും. പൊതുജനാരോഗ്യത്തിന് ഭീഷണിയെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കാം. നിയമലംഘനത്തിന് പിഴ ഈടാക്കാം. ഓരോ രോഗിയുടെയും ചികിത്സാ രേഖകൾ സൂക്ഷിക്കുകയും അതിന്‍റെ പകർപ്പ് രോഗികൾക്ക് സൗജന്യമായി നൽകുകയും വേണം അടക്കമുള്ളവയാണ് നിയമത്തിലെ നിർദേശങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private hospitalsGuidelinesHigh courtLatest News
News Summary - High Court issues strict guidelines to private hospitals
Next Story