Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണി സി. കാപ്പന് ഹൈകോടതി നോട്ടീസ്; എം.എൽ.എയാകാൻ യോഗ്യതയില്ലെന്ന ഹരജിയിൽ മറുപടി നൽകണം

text_fields
bookmark_border
https://www.madhyamam.com/tags/mani-c-kappan
cancel
camera_alt

മാണി സി. കാപ്പൻ

കൊച്ചി: ചെക്ക് കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് പാലാ എം.എൽ.എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ഹരജിയിൽ നോട്ടീസ് അയച്ച് ഹൈകോടതി. പാലക്കാട് സ്വദേശിയും മുംബൈയിൽ വ്യവസായിയുമായ ദിനേശ് മേനോൻ നൽകിയ ഹരജിയിലാണ്, ബന്ധപ്പെട്ട കക്ഷികളായ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ, സംസ്ഥാന സർക്കാർ, നിയമസഭ സ്പീക്കർ, മാണി സി. കാപ്പൻ എന്നിവർക്ക് നോട്ടീസ് അയക്കാൻ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് നിർദേശം നൽകിയത്. കേസ് വിശദവാദത്തിന് സെപ്റ്റംബർ 22 ലേക്ക് മാറ്റി.

‘ശിക്ഷാവിധി നടപ്പാക്കുന്നത് മരവിപ്പിച്ചാൽ അതിന്റെ നിയമപരമായ പ്രത്യാഘാതം എന്താണ്? കുറ്റക്കാരനാണെന്ന വിധി കോടതി സ്റ്റേ ചെയ്തിട്ടില്ലെങ്കിൽ അയോഗ്യത നിലനിൽക്കില്ലേ? ശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചാൽ അയോഗ്യത ബാധകമാകാതിരിക്കുമോ?’ -എന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ ആരാഞ്ഞു. വിശദമായ നിർദേശങ്ങൾ സമർപ്പിക്കാനാണ് സർക്കാറിനോടും തെരഞ്ഞെടുപ്പ് കമീഷനോടും നിർദേശിച്ചത്.

ശിക്ഷാവിധി വന്ന തീയതി മുതൽ മാണി സി. കാപ്പനെ എം.എൽ.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ ദിനേശ് മേനോൻ നേരത്തെ നിയമസഭ സ്പീക്കറെ സമീപിച്ചിരുന്നു. എന്നാൽ, സ്പീക്കറുടെ ഭാഗത്തുനിന്ന് തുടർനടപടികൾ ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഹൈകോടതിയിൽ ഹരജി നൽകിയത്.

ദിനേശ് മേനോൻ നൽകിയ നാല് വ്യത്യസ്ത ചെക്ക് മറുപടി കേസുകളിൽ സെപ്റ്റംബർ ഒന്നിനാണ് മുംബൈ ബോറിവിലി അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി (43-ാം കോടതി) മാണി സി. കാപ്പൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. നാല് കേസുകളിലുമായി ആകെ മൂന്നര വർഷം തടവും 5.3 കോടി രൂപയുടെ നഷ്ടപരിഹാരവുമാണ് കോടതി വിധിച്ചത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾ അയോഗ്യരാക്കപ്പെടണമെന്നാണ് വ്യവസ്ഥ.

മാണി സി. കാപ്പനെ അടിയന്തരമായി അയോഗ്യനാക്കി പാലാ നിയമസഭ മണ്ഡലം ഒഴിഞ്ഞുകിടക്കുന്നതായി പ്രഖ്യാപിക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്നും, മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ഉത്തരവിടണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ.

അതേസമയം, ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മാണി സി. കാപ്പൻ നേര​ത്തെ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story