സ്കോളർഷിപ് പിൻവലിക്കൽ: പഠനം മുടങ്ങാതിരിക്കാൻ പദ്ധതി വേണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: സ്വാശ്രയ കോളജുകളിലെ ബി.പി.എൽ വിഭാഗം വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് പിൻവലിച്ച സാഹചര്യത്തിൽ ഇവരുടെ പഠനം മുടങ്ങാതിരിക്കാൻ പദ്ധതിക്ക് രൂപം നൽകണമെന്ന് ഹൈകോടതി.
കോളജുകൾക്ക് നഷ്ടമുണ്ടാകാത്ത രീതിയിൽ വേണം പദ്ധതിയുണ്ടാക്കാനെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാറിനോട് നിർദേശിച്ചു. ഫീസ് നൽകാത്തതിന്റെ പേരിൽ ഈ വിഭാഗം വിദ്യാർഥികളെ പുറത്താക്കരുതെന്ന ഇടക്കാല ഉത്തരവിന്റെ കാലാവധി സെപ്റ്റംബർ ഒന്നുവരെ നീട്ടുകയും ചെയ്തു. സ്കോളർഷിപ് പിൻവലിച്ച നടപടി ചോദ്യം ചെയ്തും ഭാവി സംബന്ധിച്ച ആശങ്കയറിയിച്ചും എം.ബി.ബി.എസ് വിദ്യാർഥികളടക്കം നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
സർക്കാർ സ്കോളർഷിപ് പിൻവലിച്ചതോടെ ബി.പി.എൽ വിഭാഗത്തിലെ കുട്ടികൾ പഠനം തുടരാനാകാത്ത സ്ഥിതിയിലായെന്ന് ഹരജി പരിഗണിക്കവെ സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. സ്കോളർഷിപ് ലഭ്യമല്ലാതിരിക്കെ ഇവർ എങ്ങനെ ഫീസ് നൽകുമെന്ന് മുമ്പ് ഹരജി പരിഗണിച്ചപ്പോൾ കോടതി ആരാഞ്ഞിരുന്നു.
സബ്സിഡി നിരക്കിലാണെങ്കിലും ബി.പി.എൽ വിഭാഗം വിദ്യാർഥികൾ ഫീസ് നൽകണമെന്ന് എങ്ങനെയാണ് നിർദേശിക്കാനാകുക, ദാരിദ്ര്യരേഖക്ക് താഴെയുള്ള ഈ കുട്ടികൾക്ക് എങ്ങനെ ഫീസ് നൽകാനാകും, സ്കോളർഷിപ് പിൻവലിച്ച സാഹചര്യത്തിൽ ഈ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമോ, ഇവരെ ഗവ. മെഡിക്കൽ കോളജുകളിൽ പ്രവേശിപ്പിക്കാനാകുമോ തുടങ്ങിയ കാര്യങ്ങൾക്ക് വിശദമായി മറുപടി നൽകാനും സർക്കാറിനോട് നിർദേശിച്ചിരുന്നു.
ഹൈകോടതി ഉന്നയിച്ച വിഷയങ്ങൾ പരിശോധിച്ചു വരുകയാണെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
തുടർന്നാണ് കോളജുകൾക്ക് നഷ്ടമുണ്ടാക്കാതെ ബി.പി.എൽ വിഭാഗത്തിലെ വിദ്യാർഥികളുടെ പഠനം തുടരാൻ പദ്ധതി വേണമെന്ന് കോടതി നിർദേശിച്ചത്. ഹരജി സെപ്റ്റംബർ ഒന്നിന് പരിഗണിക്കാൻ മാറ്റി. അതുവരെ വിദ്യാർഥികളെ കോളജിൽനിന്ന് പുറത്താക്കരുതെന്നാണ് നിർദേശം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

