തൃശൂർ പൂരത്തിൽ ഹൈകോടതി; നടക്കുന്നത് കുടമാറ്റം തന്നെയോ?
text_fieldsകൊച്ചി: തൃശൂർ പൂരത്തിൽ ഇപ്പോൾ നടക്കുന്നത് കുടമാറ്റംതന്നെയാണോയെന്ന് ഹൈകോടതി. വർഷങ്ങൾക്ക് മുമ്പ് പൂരം കാണാൻ പോയി കുടമാറ്റം കണ്ടിട്ടുണ്ടെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ പറഞ്ഞു. എന്നാൽ, ഇപ്പോൾ കുടമാറ്റത്തിന്റെ പേരിൽ നടക്കുന്നതെന്താണെന്നും മാറ്റുന്നതിൽ ചിലത് കുടകളാണോയെന്നും കോടതി ചോദിച്ചു. ഉത്സവ ആചാരങ്ങൾ മുറതെറ്റാതെ നടക്കേണ്ടതുണ്ടെന്ന അഭിഭാഷകന്റെ അഭിപ്രായത്തോട് യോജിച്ച ശേഷമാണ് ഈ നിരീക്ഷണം.
തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ തൃശൂർ പൊലീസ് കമീഷണർ അങ്കിത് അശോകിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹരജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എസ്. മുരളികൃഷ്ണൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്. ആരുടെ ഭാഗത്താണ് വീഴ്ചയെന്ന് വ്യക്തത വേണം. പുറത്തുനിന്നുള്ള ഉദ്യോഗസ്ഥർ ആൾക്കൂട്ട നിയന്ത്രണത്തിൽ പരാജയപ്പെടുന്നതായി അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ശബരിമലയിൽ ഭംഗിയായി ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്നതായി കോടതി പ്രതികരിച്ചു. സുരക്ഷയാണ് പ്രധാനം. സർക്കാറും ദേവസ്വവും തമ്മിൽ ഏകോപനം വേണം. സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഹരജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

