ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ; തിരക്ക് നിയന്ത്രണത്തിന് ഹൈകോടതി മാർഗനിർദേശം
text_fieldsകൊച്ചി: ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും തിരുനാളുകളും നടക്കുമ്പോൾ തിരക്ക് നിയന്ത്രണത്തിനും ഗതാഗത തടസ്സം ഇല്ലാതിരിക്കാനും മാർഗനിർദേശങ്ങളുമായി ഹൈകോടതി. ഇത്തരം അവസരങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്താതിരിക്കാൻ പൊതുനിരത്തുകളിലെ സമ്മേളനങ്ങളും ഘോഷയാത്രകളും നിയന്ത്രിക്കുന്ന 2011ലെ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി എ.എം. ഉദയൻ നൽകിയ ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്‍റെ ഉത്തരവ്. ഉത്തരവ് കർശനമായി നടപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും ദേവസ്വം ബോർഡുകൾക്കും അയക്കാനും കോടതി നിർദേശിച്ചു.
മതപരമായ ആഘോഷങ്ങൾ തടസ്സപ്പെടുത്താനല്ല, തടസ്സങ്ങളില്ലാതെ നടക്കാനാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഉത്സവാഘോഷത്തിന്‍റെ വിശദാംശങ്ങൾ മൂന്നാഴ്ച മുമ്പ് ജില്ല പൊലീസ് മേധാവിയെ അറിയിക്കണം. ക്രമസമാധാനം ഉറപ്പാക്കാനുള്ള ചുമതല ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കണം. ഈ ഉദ്യോഗസ്ഥൻ ആഘോഷം നടക്കുന്ന സ്ഥാപനത്തിൽ നേരിട്ടെത്തി ആവശ്യമായ വിവരങ്ങൾ ശേഖരിക്കണം. സംഘാടകരിൽനിന്നും പ്രാദേശിക അധികൃതരിൽനിന്നും സ്ഥലവാസികളിൽനിന്നും വിവരങ്ങൾ തേടണം.
വാഹനങ്ങൾക്ക് മതിയായ പാർക്കിങ് സൗകര്യം സംഘാടകർ ഒരുക്കണം. ആഘോഷ ദിവസങ്ങളിൽ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നില്ലെന്ന് ഉറപ്പുവരുത്തണം. ആംബുലൻസ് ഉൾപ്പെടെ അടിയന്തര വാഹനങ്ങൾക്ക് കടുന്നുപോകാൻ സൗകര്യം ഉറപ്പാക്കണം. താൽക്കാലിക കച്ചവടക്കാർക്കായി നടപ്പാതകൾ അനുവദിക്കാതെ പ്രത്യേക സൗകര്യം ഒരുക്കണം. ഹരിത പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. വനിത പൊലീസടക്കം മതിയായ ഉദ്യോഗസ്ഥരെ നിയമിക്കണം. ഉത്സവത്തിനുശേഷം 24 മണിക്കൂറിനുള്ളിൽ പരിസരം വൃത്തിയാക്കണം. ഗതാഗതം പൂർണമായും തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക സൗകര്യം ഒരുക്കുകയും വേണം തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

