പര്യത്ത് ഉന്നതി കോളനി കുടിയൊഴിപ്പിക്കൽ: രണ്ടാഴ്ച കൂടി സമയം അനുവദിച്ച് ഹൈകോടതി
text_fieldsകൊച്ചി: കിഴക്കമ്പലം മലയിടംതുരുത്തിലെ പര്യത്ത് ഉന്നതി കോളനി കുടിയൊഴിപ്പിക്കാൻ രണ്ടാഴ്ച കൂടി ഹൈകോടതി സമയം അനുവദിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെന്നും രമ്യമായി പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്നും അഡ്വക്കറ്റ് ജനറൽ ജാജു ബാബു അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഉത്തരവ്. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻ ഉത്തരവിലെ തുടർ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം റൂറൽ എസ്.പിയും മലയിടംതുരുത്ത് എസ്.എച്ച്.ഒയും നൽകിയ ഹരജിയിലാണ് നിർദേശം.
വേനലവധിക്ക് മുമ്പ് കോളനി ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതിക്ക് നിർദേശം നൽകി മാർച്ച് 19ന് പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തി കഴിഞ്ഞ ദിവസം മേയ് 26 വരെ കാലാവധി നീട്ടി നൽകിയിരുന്നു. ഹരജി വീണ്ടും രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും. കുടിയേറ്റം ഒഴിപ്പിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനോ തടസ്സപ്പെടുത്താനോ സാധ്യമല്ലെന്ന് കോടതി പറഞ്ഞു. ഒരു സാങ്കേതിക പ്രശ്നങ്ങളും ഇക്കാര്യത്തിൽ ബാധകമല്ല. സ്ഥലത്ത് തലമുറകളായി താമസിക്കുന്നവരാണെന്ന് പറയുന്നവർ ഒഴിപ്പിക്കൽ ഹരജിയെ എതിർത്ത് മുൻസിഫ് കോടതിയെ സമീപിച്ചിട്ടില്ല. ഒഴിപ്പിക്കാൻ ഉത്തരവിട്ട സ്ഥലത്ത് സമാധാനത്തോടെ താമസിക്കുകയാണെന്നും ഉത്തരവ് നടപ്പാക്കുന്നതിൽ തടസ്സങ്ങൾ ഉന്നയിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി സ്വതന്ത്ര ഹരജി ഇപ്പോൾ നൽകിയിരിക്കുകയാണ്.
ഈ വാദം അംഗീകരിക്കനാവില്ല. അവകാശമുണ്ടെങ്കിൽ മാത്രമേ അവിടെ തുടർന്നും താമസിക്കണം എന്ന് പറയാനാകൂവെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് ശനിയാഴ്ച രാത്രി കലക്ടറുടെ ചേംബറിൽ മന്ത്രി പ്രാഥമിക ചർച്ച നടത്തിയ കാര്യം സർക്കാർ വ്യക്തമാക്കിയത്. ഉത്തരവ് നടപ്പാക്കാൻ ആവശ്യമായ സഹായം നൽകാൻ മാർച്ച് 19ന് പുറപ്പെടുവിച്ച ഉത്തരവ് ഇതുവരെ നടപ്പാക്കാനായിട്ടില്ലെന്നും കോടതി നിസഹായാവസ്ഥയിലായ സാഹചര്യമാണെന്നും സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു. തുടർന്നാണ് രണ്ടാഴ്ച കൂടി സമയം അനുവദിച്ചത്.
‘മലയിടംതുരുത്തിലെ കുടുംബങ്ങൾ വഴിയാധാരമാകില്ല’
തിരുവനന്തപുരം: മലയിടംതുരുത്തിലെ ഭൂമി പ്രശ്നത്തിൽ കോടതിവിധി നടപ്പാക്കിയാൽ അവിടെയുള്ള എട്ടു കുടുംബങ്ങൾ വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പകരം സ്ഥലവും വീടും നൽകി അവരെ പുനരധിവസിപ്പിക്കും. അവരെ തെരുവിലേക്ക് വിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സർക്കാർ ഈ വിഷയം തീർക്കാൻ ചെറുവിരൽപോലും അനക്കിയിട്ടില്ല. 14 തവണ കോടതി നിർദേശ പ്രകാരം ഒഴിപ്പിക്കാൻ വന്നിട്ട് ഒന്നും ചെയ്യാത്തവർ 15ാം തവണ സുപ്രീംകോടതി ഉത്തരവ് പ്രകാരം വന്നപ്പോൾ വലിയ സമരം നടത്തുകയാണ്.
കഴിഞ്ഞ സർക്കാറിനെ പോലെ നിരുത്തരവാദപര നിലപാടല്ല തങ്ങളുടേത്. മന്ത്രി റോജി എം. ജോണിന്‍റെ നേതൃത്വത്തിൽ യോഗം വിളിപ്പിച്ചു. കേസിൽ ഇരകളായവർ, കേസ് നൽകിയ വ്യക്തി എന്നിവരുമായെല്ലാം പ്രശ്ന പരിഹാരത്തിന് സംസാരിച്ചു. അഡ്വക്കറ്റ് ജനറലിനോട് നിയമപരമായ സ്ഥിതി പരിശോധിക്കാൻ പറഞ്ഞു. കുറച്ചുകൂടി സമയം കിട്ടുമോയെന്ന് സർക്കാർ പരിശോധിക്കുന്നു. കഴിഞ്ഞ സർക്കാറിലെ മന്ത്രിമാർ അവിടെ സമരമിരിക്കുന്നതിൽ താൻ അത്ഭുതപ്പെടുകയാണ്. ജില്ലയിൽ നിന്നുള്ളയാളായ മുൻ വ്യവസായ മന്ത്രിയാണ് ആദ്യം സമരത്തിന് പോയതെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

