സൂരജ് വധക്കേസ്: മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി. എം. മനോജിന്റെ സഹോദരന്റെ ശിക്ഷ മരവിപ്പിച്ചു
text_fieldsകൊച്ചി: കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സി.പി.എം പ്രവർത്തകനും അഞ്ചാംപ്രതിയുമായ കൂത്തുപറമ്പ് പി.എം. മനോരാജിന്റെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി. എം. മനോജിന്റെ സഹോദരനാണ് മനോരാജ്.
ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മനോരാജ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. തലശ്ശേരി സെഷൻസ് കോടതി ഉത്തരവ് ചോദ്യംചെയ്ത് നൽകിയ അപ്പീലിനോടൊപ്പമാണ് ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചത്. ഹരജിക്കാരന് കോടതി ജാമ്യവും അനുവദിച്ചു.
കേസിലെ രണ്ടാം പ്രതിയുടെ കുറ്റസമ്മത മൊഴിപ്രകാരമായിരുന്നു മനോരാജിനെ ശിക്ഷിച്ചത്. ജീവപര്യന്തം തടവും പിഴയും ആയിരുന്നു ശിക്ഷ. 2005ൽ നൽകിയ കുറ്റപത്രത്തിൽ തന്റെ പേരുണ്ടായിരുന്നില്ലെന്നും പിന്നീട് പ്രതിയാക്കിയതിൽ പിഴവുണ്ടെന്നുമുള്ള ഹരജിക്കാരന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ഒരുലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയുടെ രണ്ട് ആൾജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. രാജ്യം വിട്ടുപോകരുത്, സമാന കുറ്റകൃത്യം ആവർത്തിക്കരുത് തുടങ്ങിയ ഉപാധികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

