ശിക്ഷയിളവ്: ജീവപര്യന്തം തടവുകാരുടെ കാര്യത്തിൽ തീരുമാനമെടുക്കണം -ഹൈകോടതി
text_fieldsകൊച്ചി: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ ശിക്ഷയിളവിന് അപേക്ഷ നൽകിയവരുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ഹൈകോടതി. 1,851 ജീവപര്യന്തം തടവുകാരിൽ 316 പേർ ശിക്ഷയിളവ് നൽകുന്ന കാര്യത്തിൽ ജയിൽ ഉപദേശക ബോർഡിന്റെ പരിഗണനക്ക് അർഹരാണെന്ന് ജയിൽ വകുപ്പ് അറിയിച്ചതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ശിക്ഷ ഇളവ് നൽകി നേരത്തെ മോചിപ്പിക്കണമെങ്കിൽ നാഷനൽ ലീഗൽ സർവീസ് അതോറിറ്റി നിശ്ചയിച്ച മാർഗനിർദേശങ്ങൾ പാലിക്കണം. ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് കോടതി നിർദേശം നൽകി. ഇളവിനായുള്ള അപേക്ഷ നിഷേധിക്കപ്പെട്ട തടവുകാരുടെ കാര്യത്തിൽ ആവശ്യമായ നിയമ സഹായം ഉറപ്പാക്കാൻ കെൽസക്കും നിർദേശം നൽകി. ജയിൽ ഉദ്യോഗസ്ഥരും ലീഗൽ സർവിസസ് അതോറിറ്റി അധികാരികളും രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തണം. കറക്ഷണൽ ഹോമിലെ അന്തേവാസികളിൽ ഇളവിനായുള്ള അപേക്ഷ നിഷേധിച്ചവരുടെ വിവരം അറിയിക്കാനും കോടതി നിർദേശിച്ചു.
കുറ്റകൃത്യത്തിൽ പങ്കാളികളായ വിദേശികളെ പാർപ്പിക്കുന്ന ട്രാൻസിറ്റ് ഹോമിലെ തിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സ്വമേധയാ കക്ഷി ചേർത്തു. വിഷയം ജൂലൈ 27ന് പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

