ഇ.ഡിക്ക് ഹൈകോടതിയുടെ പച്ചക്കൊടി; വീണക്കും സി.എം.ആർ.എലിനും തിരിച്ചടി
text_fieldsകൊച്ചി: കരിമണൽ ഖനന കമ്പനിയായ സി.എം.ആർ.എൽ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് (ഇ.ഡി) അന്വേഷണം തുടരാമെന്ന് ഹൈകോടതി. അന്വേഷണം നിയമപരമാണെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണക്കും സി.എം.ആർ.എലിനും വിധി തിരിച്ചടിയാകും. അന്വേഷണാനുമതി നൽകിയ മേയ് 26ന്റെ സിംഗിൾ ബെഞ്ച് ഉത്തരവ് കോടതി ശരിവെച്ചു.
അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് ഡിവിഷൻ ബെഞ്ച് വിധി. സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരുമാണ് ഹരജി നൽകിയിരുന്നത്. മാസപ്പടി കേസിലെ ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ നൽകിയ ഹരജിയിൽ അടിയന്തര സ്റ്റേ ഇല്ലായെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് രാജാവിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ മുഴുവൻ വിവരങ്ങളും കേട്ട ശേഷം വാദം മറ്റൊരു ദിവസത്തിലേക്ക് മാറ്റി വെക്കേണ്ടതില്ലയെന്നും, രണ്ട് വർഷത്തോളം പഴക്കമുള്ള കേസായതിനാൽ ഇനി വൈകിപ്പിക്കേണ്ട ആവശ്യമില്ലായെന്നും കോടതി പറഞ്ഞു.
കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണക്ക് വെള്ളിയാഴ്ച വരെ ഇ.ഡി സമൻസ് അയക്കില്ലെന്ന് അറിയിച്ചിരുന്നു. വെള്ളിയാഴ്ച വിധി പറയുന്നതുവരെ കേസിലെ കക്ഷികൾക്കെതിരെ അറസ്റ്റ് നടപടി ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിനിടെ, കേസിലെ തുടർനടപടികൾ തീരുമാനിക്കാൻ ഇ.ഡി മേധാവി രാഹുൽ നവീൻ കൊച്ചിയിൽ എത്തിയിട്ടുണ്ട്. വീണ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള തുടർനടപടികളെ കുറിച്ച് ഇന്ന് തീരുമാനിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
മേയ് 26ന് ഇ.ഡിയുടെ അന്വേഷണത്തെയും സമൻസിനെയും ചോദ്യം ചെയ്ത് സി.എം.ആർ.എൽ സമർപ്പിച്ച ഹരജി പൂർണമായും സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. കമ്പനി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്ന് കർശനമായി ഉത്തരവിട്ടുകയും ചെയ്തു. തുടർന്ന്, മേയ് 27ന് രാവിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിലും കണ്ണൂരിലെ വസതിയിലും ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി ഉൾപ്പെടെ 12 സ്ഥലങ്ങൾ ഇ.ഡി വ്യാപകമായ പരിശോധന നടത്തിയിരുന്നു.
സംഭവത്തിൽ ഇ.ഡി ഉദ്യോഗസ്ഥർ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മകളെയും വേട്ടയാടുകയാണെന്ന് ആരോപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.പി.എം പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം അക്രമത്തിലേക്കെത്തുകയും ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം തകർക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

