സി.ബി.എസ്.ഇ പരീക്ഷയെഴുതാൻ വിദ്യാർഥികൾക്ക് ഹൈകോടതിയുടെ അനുമതി
text_fieldsകൊച്ചി: സി.ബി.എസ്.ഇ അംഗീകാരമില്ലാത്തതിനാൽ പരീക്ഷയെഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ശേഷിക്കുന്ന പരീക്ഷകൾ എഴുതാൻ ഹൈകോടതി അനുമതി. തോപ്പുംപടി അരൂജാസ് സ്കൂളിലെ 34 ഉം പള്ളുരുത്തി അൽ അസ്ഹർ സ്കൂളിലെ നാലും വിദ്യാർഥികൾക്കാണ് ശേഷിക്കുന്ന നാല് പരീക്ഷകൾ എഴുതാൻ ജസ്റ്റിസ് എ.എം. ഷെഫീഖ്, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഉപാധികളോടെ അനുമതി നൽകിയത്.
മാർച്ച് നാല്, 12, 18 ദിവസങ്ങളിൽ നടക്കുന്ന പരീക്ഷകൾ കുട്ടികൾക്ക് എഴുതാം. അനുമതി തേടി അരൂജാസ് സ്കൂളിലെ 28 കുട്ടികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അംഗീകാരമില്ലാത്ത സ്കൂളിലെ കുട്ടികളെ അംഗീകാരമുള്ള സ്കൂളുകൾ മുഖേന 2020ലെ പത്താം ക്ലാസ് പരീക്ഷ എഴുതാൻ അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് തിങ്കളാഴ്ച കോടതി സി.ബി.എസ്.സിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, സി.ബി.എസ്.ഇ. യുടെ കീഴിൽ 25,000 സ്കൂളുകൾ ഉണ്ടെന്നും ഇത്തരമൊരു സത്യവാങ്മൂലം ഫയൽ ചെയ്യാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും സി.ബി.എസ്.ഇ ചൊവ്വാഴ്ച അറിയിച്ചു. തുടർന്ന് വസ്തുതകളും സാഹചര്യങ്ങളും വിലയിരുത്തിയ കോടതി വിദ്യാർഥികളെ പരീക്ഷ എഴുതിക്കാൻ ഉത്തരവിടുകയായിരുന്നു.
എന്നാൽ, സമാന പ്രശ്നം നേരിടുന്ന വിദ്യാർഥികൾ വേറെയുമുണ്ടെന്ന് സി.ബി.എസ്.ഇ അഭിഭാഷകൻ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് സിംഗിൾ ബെഞ്ച് പരിഗണനയിലായിരുന്ന മറ്റ് ഹരജികൾ കൂടി വിളിച്ചുവരുത്തി അവർക്ക് കൂടി അനുമതി നൽകുകയായിരുന്നു. ഇതോടെ ഹരജിയിൽ കക്ഷികളല്ലാതിരുന്ന അരൂജാസ് സ്കൂളിലെ ആറും അൽ അസ്ഹറിലെ നാലും കുട്ടികൾക്കും പരീക്ഷ എഴുതാൻ അവസരം ലഭിച്ചു.
അരൂജാസിലെ 34 വിദ്യാർഥികൾ വെറ്റില ടോക് എച്ച് സ്കൂളിലും അൽ അസ്ഹർ വിദ്യാർഥികൾ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലുമാണ് എഴുതേണ്ടത്. പരീക്ഷ എഴുതാമെങ്കിലും ഹരജിയിലെ അന്തിമ വിധിക്കനുസരിേച്ച ഫല പ്രഖ്യാപനം പാടുള്ളൂവെന്ന് ഉത്തരവിൽ പറയുന്നു. ഹരജികൾ മാർച്ച് 23ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
