ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
text_fieldsകൊച്ചി: അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ ജയിലിൽ കഴിയുന്ന മുൻ ഡി.ജി.പി ടോമിൻ ജെ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ വിധി പുറപ്പെടുവിച്ചത്. സെപ്റ്റംബർ 18 മുതൽ ടോമിൻ തച്ചങ്കരി ജയിലിലായിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കോട്ടയം വിജിലൻസ് കോടതിയാണ് മിൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയെ നാലു വർഷം തടവിന് ശിക്ഷിച്ചിരുന്നത്. ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോടതി നേരത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ശിക്ഷ ഇളവ് അർഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 30.84 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന ഡി.ജി.പി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനാണ് അദ്ദേഹം.
2013ൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയ കേസാണ്. 2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലൻസ് നടത്തിയ പരിശോധനയിൽ ഇത്രയും തുകക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

