വഖഫ് ബോർഡ് പ്രവർത്തനം തടഞ്ഞ് ഹൈകോടതി; ജോയിന്റ് സെക്രട്ടറിക്ക് ചുമതല
text_fieldsകൊച്ചി: ഫെബ്രുവരിയിൽ പുനഃസംഘടിപ്പിച്ച വഖഫ് ബോർഡിന്‍റെ പ്രവർത്തനം തടഞ്ഞ് ഹൈകോടതി. നിയമം നിർദേശിക്കുംപ്രകാരം മതിയായ അംഗങ്ങളുടെ പ്രാതിനിധ്യമില്ലാതെ പ്രവർത്തിക്കാനാവില്ലെന്ന് പ്രഥമദൃഷ്ട്യ വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്.
ഭരണനിർവഹണം ബോർഡിന്‍റെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി നിർവഹിക്കണമെന്നും ഗൗരവമുള്ള തീരുമാനങ്ങളെടുക്കരുതെന്നും നിർദേശിച്ച കോടതി, വിഷയം വീണ്ടും അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. അതേസമയം, നിലവിലേത് വികലമായ ബോർഡാണെന്നും പുനഃസംഘനക്കുള്ള തയാറെടുപ്പിലാണ് സർക്കാറെന്നും ചൂണ്ടിക്കാട്ടി റവന്യൂ സെക്രട്ടറി അഡ്വക്കറ്റ് ജനറൽ മുഖേന കോടതിയിൽ വിശദീകരണ പത്രിക സമർപ്പിച്ചു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.
പതിനൊന്നംഗ ബോർഡിൽ രണ്ട് അമുസ്‍ലിംകളുടെ ഒഴിവ് നികത്താത്തതും ശിയാവിഭാഗക്കാരുടെയടക്കം പ്രതിനിധികളെ ഉൾപ്പെടുത്താത്തതും ചോദ്യംചെയ്യുന്ന ഹരജികളാണ് പരിഗണിച്ചത്.
അമുസ്‍ലിംകളെ ഉൾപ്പെടുത്താത്ത ബോർഡിന്‍റെ പ്രവർത്തനം അസാധുവാക്കണമെന്നായിരുന്നു ബി.ജെ.പി നേതാവ് ഷോൺ ജോർജിന്‍റെ വാദം. പ്രത്യേക വിഭാഗങ്ങളെ പ്രതിനിധീകരിക്കാൻ നിയമപരമായ യോഗ്യതയില്ലാത്തവരെയാണ് നിയമിച്ചതെന്ന വാദവുമുണ്ട്. ഈ വാദങ്ങളെല്ലാം പരിഗണിച്ച് 1995ലെ യൂനിഫൈഡ് വഖഫ് മാനേജ്മെന്‍റ് എംപവർമെന്‍റ്, എഫിഷൻസി ആൻഡ് ഡെവലപ്മെന്‍റ് ആക്ടിലെ 14-ാം വകുപ്പ് പ്രകാരം ബോർഡ് പുനഃസംഘടിപ്പിക്കാൻ തയാറാണെന്ന് വാദത്തിനിടെ സർക്കാറിനു വേണ്ടി അഡ്വക്കറ്റ് ജനറൽ ജാജു ബാബു അറിയിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് വിശദീകരണ പത്രിക നൽകിയതായും വ്യക്തമാക്കി.
സർക്കാർ ഹരജിക്കാരുടെ വാദങ്ങളെ അംഗീകരിക്കുന്നുണ്ടോയെന്ന് കോടതി ഈ സമയത്ത് ചോദിച്ചു. 11 പേർ വേണ്ടിടത്ത് ഒമ്പത് പേർ മാത്രമാണുള്ളതെന്നും ബോർഡ് രൂപവത്കരണം നിയമാനുസൃതമല്ലെന്നതിൽ യോജിക്കുന്നതായും എ.ജി അറിയിച്ചു. വിവിധ മുസ്‍ലിം വിഭാഗ പ്രതിനിധികളെ നിയമപരമായി ഉൾപ്പെടുത്താൻ മുൻ സർക്കാർ ശ്രമിച്ചില്ലെന്നും എ.ജി ചൂണ്ടിക്കാട്ടി.
അമുസ്‍ലിം നിയമനം സംബന്ധിച്ച് സുപ്രീംകോടതി വിധി കാക്കുന്നതിനാലാണ് നിയമനം നടത്താത്തതെന്നായിരുന്നു വഖഫ് ബോർഡ് അഭിഭാഷകന്‍റെ വാദം. നിയമപ്രകാരം അമുസ്‍ലിം അംഗങ്ങളെ നിയമിച്ചില്ലെങ്കിൽ നിലവിലെ ബോർഡിന് പ്രവർത്തിക്കാൻ അർഹതയില്ലെന്ന് കോടതി പറഞ്ഞു. തുടർന്നാണ് പ്രശ്നം തീർപ്പാകുംവരെ ജോ. സെക്രട്ടറി ബോർഡിന്‍റെ പ്രവർത്തനം നടത്താൻ നിർദേശിച്ചത്. വഖഫ് കൈകാര്യം ചെയ്യുന്ന വകുപ്പിൽനിന്നാണ് എക്സ് ഒഫീഷ്യോ അംഗമായ ജോ. സെക്രട്ടറിയെ നിയമിക്കേണ്ടതെങ്കിലും നിയമവകുപ്പ് ഉദ്യോഗസ്ഥനെയാണ് നിയമിച്ചതെന്ന് ഹരജിക്കാരിലൊരാൾ ചൂണ്ടിക്കാട്ടി. ഇതും ഹരജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.
വഖഫ് ബോർഡ്: വിധിപ്പകർപ്പ് കിട്ടിയശേഷം പ്രതികരിക്കാമെന്ന് മന്ത്രി
തിരുവനന്തപുരം: വഖഫ് ബോർഡ് വിഷയത്തിൽ കോടതി വിധിപ്പകർപ്പ് ലഭിച്ചശേഷം വിശദമായി പ്രതികരിക്കാമെന്ന് വഖഫ് വകുപ്പിന്‍റെ ചുമതലകൂടി വഹിക്കുന്ന മന്ത്രി എൻ. ഷംസുദ്ദീൻ. കഴിഞ്ഞ സർക്കാർ പുനഃസംഘടിപ്പിച്ച വഖഫ് ബോർഡ് 2025ലെ ഉമീദ് ആക്ട് പ്രകാരമല്ലെന്നാണ് ആരോപണം. ഇക്കാര്യം ഉന്നയിച്ച് ഹൈകോടതിൽ നാല് പൊതുതാൽപര്യ ഹരജികളാണ് വന്നത്.
അതിന്‍റെ അടിസ്ഥാനത്തിൽ വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി ഹൈകോടതി മരവിപ്പിച്ചെന്നാണ് അറിയുന്നത്. കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ബോർഡിന്‍റെ ചട്ടങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് ദൈനംദിന പ്രവർത്തനത്തിന് ജോയന്റ് സെക്രട്ടറി റാങ്കിലുള്ള ഒരാളെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കാനും കോടതി ഉത്തരവിൽ നിർദേശമുണ്ടെന്ന് മനസിലാക്കുന്നു.
ഹൈകോടതി അനുമതിയില്ലാതെ തീരുമാനങ്ങളെടുക്കരുതെന്നും ധനവിനിയോഗങ്ങൾ നടത്തരുതെന്നും വിധിയിലുള്ളതായി അറിയുന്നു. അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നതിനാൽ കൂടുതൽ പ്രതികരണം ഇക്കാര്യത്തിലില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

