Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാർ: അഞ്ചംഗ പ്രത്യേക കർമസേന രൂപീകരിച്ച് ഹൈകോടതി

text_fields
bookmark_border
വ്യാജ പട്ടയങ്ങളെക്കുറിച്ച് പ്രത്യേക സ്ഥലത്തിന്‍റെ അന്വേഷണത്തിനും ഡിജിറ്റൽ സർവേക്കും മേൽനോട്ടത്തിനായാണിത്
news
cancel

കൊച്ചി: മൂന്നാറിലെയടക്കം ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് അഞ്ചംഗ പ്രത്യേക കർമസേനയെ (സ്പെഷൽ ടാസ്ക് ഫോഴ്സ് -എസ്.ടി.എഫ്) ഹൈകോടതി രൂപവത്കരിച്ചു. വ്യാജ പട്ടയങ്ങളെക്കുറിച്ച് പ്രത്യേക സ്ഥലത്തിന്‍റെ അന്വേഷണത്തിനും ഡിജിറ്റൽ സർവേക്കും മേൽനോട്ടത്തിനായാണ് കോടതി പ്രത്യേക ദൗത്യസേനയെ നിയോഗിച്ചത്.

ഭൂമി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോക്കോളും പ്രവർത്തന ക്രമവും (സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ -എസ്.ഒ.പി) ഡിസംബർ 10നകം തയാറാക്കാനും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ‘വൺ എർത്ത് വൺ ലൈഫ്’, ‘പരിസ്ഥിതി സംരക്ഷണ സമിതി’ തുടങ്ങിയവ സമർപ്പിച്ച ഹരജികളിലാണ് ഉത്തരവ്. പൊതുമരാമത്ത് അഡീ. സെക്രട്ടറി വി.ആർ. വിനോദാണ് സമിതി അധ്യക്ഷൻ.

കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി പൊലീസ് സൂപ്രണ്ട് എസ്. ഷംസുദ്ദീൻ, കൊല്ലം ഡെപ്യൂട്ടി കലക്ടർ (റവന്യൂ റിക്കവറി) എസ്. സനൂപ്, കോട്ടയം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ (സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്ഷൻ) ജോൺ മാത്യു, ദേവികുളം സർവേ സൂപ്രണ്ട് എ.കെ. മനോജ് എന്നിവരാണ് അംഗങ്ങൾ.വില്ലേജ്, റവന്യൂ, രജിസ്ട്രേഷൻ ഓഫിസുകളിൽ കൃത്യമായ രജിസ്റ്ററുകളും രേഖകളും സൂക്ഷിക്കുന്നില്ലെന്നും, പട്ടയങ്ങൾ, രജിസ്ട്രി മാറ്റങ്ങൾ, ഭൂമി പതിച്ചുനൽകൽ എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിക്കുന്നില്ലെന്നും വ്യാപകമായ പരാതികളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

വിവിധ സമിതികൾ നൽകിയ ശുപാർശകൾ പഠിച്ച ശേഷം, വില്ലേജ് ഓഫിസുകൾ ഉൾപ്പെടെയുള്ള റവന്യൂ ഓഫിസുകളിലെ രജിസ്റ്ററുകൾക്കും രേഖകൾക്കും പ്രത്യേക ഊന്നൽ നൽകി പ്രോട്ടോക്കോൾ തയാറാക്കാനാണ് കർമസേനക്ക് നിർദേശം നൽകിയത്. നിലവിലെ രേഖകൾ സംരക്ഷിക്കാനുള്ള നടപടികളും സമിതിക്ക് ശുപാർശ ചെയ്യാം.മോണിറ്ററിങ് കമ്മിറ്റി, പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി), ഡിജിറ്റൽ സർവേ ടീം എന്നിവ ഒഴികെ, നേരത്തെ രൂപവത്കരിച്ച മറ്റ് സമിതികൾ ഇനി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഭാവിയിൽ മോണിറ്ററിങ് കമ്മിറ്റിയുടെ ചുമതലകൾ കൂടി എസ്.ടി.എഫ് ഏറ്റെടുക്കാനായേക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രോട്ടോക്കോൾ തയാറാക്കുമ്പോൾ എസ്.ടി.എഫ് അംഗങ്ങൾക്ക് മറ്റ് ഔദ്യോഗിക ചുമതലകൾ നൽകരുതെന്നും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉദ്യോഗസ്ഥരെയും യാത്ര സൗകര്യങ്ങളും സംസ്ഥാന സർക്കാർ ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു. ഹരജികൾ വീണ്ടും 12ന് പരിഗണിക്കാൻ മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Munnar: High Court forms five-member special task force
Next Story