ചുമ്മാ ഒരു ബാങ്ക് അക്കൗണ്ട് എടുത്താൽ ലക്ഷങ്ങൾ വരുമാനം! മ്യൂൾ അക്കൗണ്ട് തട്ടിപ്പ് സംഘം യുവാക്കളെ കുരുക്കുന്നതായി ഹൈകോടതി
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: സൈബർ തട്ടിപ്പിനെ തുടർന്ന് മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ കോടതികൾ മുഖേന സജീവമാക്കുന്ന മ്യൂൾ അക്കൗണ്ട് തട്ടിപ്പ് സംഘത്തിന്‍റെ കെണിയിൽ യുവാക്കളും യുവ അഭിഭാഷകരും വീഴുന്നതായി ഹൈകോടതി.
സൈബർ തട്ടിപ്പിൽ ലഭിക്കുന്ന വൻതുക അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിച്ച് നിക്ഷേപിക്കാൻ വിദ്യാർഥികൾ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ തുടങ്ങിയവർക്ക് കമീഷൻ നൽകി അവരുടെ യഥാർഥ അക്കൗണ്ടുകൾ തന്നെ ഉപയോഗിക്കുന്നതായി ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീം വ്യക്തമാക്കി. തട്ടിപ്പ് തുക ഇത്തരം പല അക്കൗണ്ടുകളിൽ നിക്ഷേപിച്ച ശേഷം പിൻവലിച്ച് വീതിച്ചെടുക്കുന്നതാണ് രീതി. അക്കൗണ്ട് ഉടമ അറിയാതെ പണം വന്നുപോയ സംഭവങ്ങളുമുണ്ട്. ഇക്കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും വെട്ടിലാകാൻ സാധ്യതയുണ്ടെന്നും കോടതി മുന്നറിയിപ്പ് നൽകി.
മരവിപ്പിച്ച അക്കൗണ്ട് വീണ്ടും തുറക്കാൻ അനുമതി തേടിയ യുവതിക്കെതിരെ കേസ്
മരവിപ്പിച്ച അക്കൗണ്ട് വീണ്ടും തുറക്കാൻ അനുമതി തേടി മലപ്പുറം കരിങ്ങപ്പാറ സ്വദേശിനി സിനാന ഫർവീൺ (21), യുവ അഭിഭാഷകർ മുഖേന സമർപ്പിച്ച ഹരജി തള്ളിയ ഉത്തരവിലാണ് കോടതിയുടെ മുന്നറിയിപ്പ്. കേരള ഗ്രാമീൺ ബാങ്കിൽ മ്യൂൾ അക്കൗണ്ട് തുറന്നത് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണെന്ന് പ്രഥമദൃഷ്ട്യ വിലയിരുത്തിയ കോടതി, ഹരജിക്കാരിക്കെതിരെ കേസെടുക്കാൻ താനൂർ പൊലീസിന് നിർദേശം നൽകി.
മരവിപ്പിച്ച അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാൻ അക്കൗണ്ട് ഉടമകളെ തന്നെയാണ് ഹരജിക്കാരായി ഉപയോഗിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട തുകയുടെ കാര്യമൊഴികെ അക്കൗണ്ട് മുഖേന മറ്റ് ഇടപാടുകൾക്ക് അനുമതി നൽകണമെന്നായിരിക്കും യുവ അഭിഭാഷകർ മുഖേന നൽകുന്ന ഹരജിയിലെ ആവശ്യം. കോടതി ഹരജി അനുവദിക്കുന്നതിന് പിന്നാലെ വീണ്ടും അതേ അക്കൗണ്ടിലേക്ക് തട്ടിപ്പ് തുക എത്താൻ തുടങ്ങും. അക്കൗണ്ട് ഉടമകൾ അറിയാതെ പോലും ഇത്തരം ഹരജികൾ കോടതിയിലെത്തുന്നുണ്ട്.
മ്യൂൾ അക്കൗണ്ട് കേസുകൾ മാത്രം കൈകാര്യം ചെയ്ത് പെട്ടെന്ന് സ്വതന്ത്ര അഭിഭാഷകരായവരുമുണ്ട്. കേന്ദ്രസർക്കാർ രേഖകൾ പ്രകാരം ഇന്ത്യയിൽ 2021 ഏപ്രിൽ മുതൽ 2025 നവംബർ വരെ 52,969 കോടിയുടെ സൈബർ തട്ടിപ്പ് നടന്നതായി കോടതി ചൂണ്ടിക്കാട്ടി. 167 കോടി മാത്രമാണ് വീണ്ടെടുക്കാനായത്. തട്ടിയെടുത്ത 7647 കോടി കുറ്റവാളികളിലേക്ക് എത്താതെ തടയാൻ സാധിച്ചു. 6.5 ലക്ഷം മ്യൂൾ അക്കൗണ്ടുകളാണ് രാജ്യത്ത് കണ്ടെത്തിയത്.
ഹരജിക്കാരിയുടെ അക്കൗണ്ടിലൂടെ 3.5 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി തമിഴ്നാട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ആന്ധ്ര പൊലീസും അന്വേഷിക്കുന്നുണ്ട്. ജോലിയൊന്നും ഇല്ലാത്ത ഹരജിക്കാരി ഓഹരി, ഓൺലൈൻ കറൻസി ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹരജിക്കാരിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകിയത്. ഹരജി പിൻവലിക്കാൻ അനുമതി തേടിയെങ്കിലും കോടതി അനുവദിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

