സി.പി.എമ്മിന്റെ പണം പിടിച്ചെടുത്ത ആദായ നികുതി വകുപ്പ് നടപടിക്കെതിരായ ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് സി.പി.എം തൃശൂർ ജില്ല കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പിൻവലിച്ച ഒരു കോടി രൂപ പിടിച്ചെടുത്ത ആദായ നികുതി വകുപ്പിന്റെ നടപടിയിൽ ഇടപെടാതെ ഹൈകോടതി. ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിൽനിന്ന് പിൻവലിച്ച പണം കണക്കിൽപെടാത്തതെന്ന പേരിൽ പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് സി.പി.എം തൃശൂർ മുൻ ജില്ല സെക്രട്ടറി എം.എം. വർഗീസ് നൽകിയ ഹരജി ആദായനികുതി വകുപ്പിന്റെ നടപടികൾ ദുരുദ്ദേശ്യപരമാണെന്നതിന് സൂചനയില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്.
ആദായ നികുതി വകുപ്പിന്റെ പരിശോധനയും പണം കണ്ടുകെട്ടലും നിയമപരമായി നിലനിൽക്കുമെന്നും നടപടികളിൽ തെറ്റില്ലെന്നും വിലയിരുത്തിയ കോടതി തുടർന്നാണ് ഈ ഘട്ടത്തിൽ ഇടപെടൽ ആവശ്യമില്ലെന്ന് വ്യക്തമാക്കി ഹരജി തള്ളിയത്. 2024 ഏപ്രിൽ അഞ്ചിന് അക്കൗണ്ട് മരവിപ്പിച്ച ഉത്തരവിന് 60 ദിവസത്തിലേറെ കാലാവധിയില്ലാത്ത സാഹചര്യവും കോടതി ചൂണ്ടിക്കാട്ടി.
2024 ഏപ്രിൽ 30ന് പിടിച്ചെടുത്ത പണം മടക്കിനൽകണമെന്നും സമൻസും തുടർനടപടികളും സ്റ്റേ ചെയ്യണമെന്നുമടക്കം ആവശ്യപ്പെട്ടാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. പെരുമാറ്റച്ചട്ടം ലംഘിച്ച് പണം പിൻവലിച്ചതിന്റെ പേരിൽ ആദായനികുതി വകുപ്പ് സി.പി.എം തൃശൂർ ജില്ല കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിക്കുകയും പണം ചെലവഴിക്കരുതെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, പിൻവലിച്ച ഒരു കോടി രൂപ അക്കൗണ്ടിൽ അടപ്പിച്ച ശേഷം ആദായനികുതി വകുപ്പ് കണ്ടുകെട്ടുകയായിരുന്നു.
വെളിപ്പെടുത്താത്ത പണം സി.പി.എമ്മിന്റെ അക്കൗണ്ടിലുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 2024 ഏപ്രിലിൽ അന്വേഷണത്തിനും പരിശോധനക്കും പണം പിടിച്ചെടുക്കാനും ഡയറക്ടർ ജനറൽ ഉത്തരവിട്ടതെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ വാദം. ബാങ്ക് അക്കൗണ്ട് പാനുമായി ലിങ്ക് ചെയ്തിട്ടില്ല. സി.പി.എം നൽകിയ രേഖകളിൽ ഈ അക്കൗണ്ടിനെക്കുറിച്ച് പറയുന്നില്ലെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ആദായനികുതി വകുപ്പിന് ബാങ്ക് നൽകിയ കത്തിൽനിന്ന് അക്കൗണ്ടുമായി ബന്ധപ്പെട്ട് ഇതുവരെ റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നതെന്ന് കോടതി പറഞ്ഞു.
ടൈപ്പിങ് പിഴവു മൂലമാണ് പാനുമായി ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാൻ പറ്റാതിരുന്നതെന്നും ഇത് ബാങ്കിന്റെ വീഴ്ചയാണെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാൽ, 2010 മുതൽ ബാങ്ക് കൈ.വൈ.സി രേഖകൾ ആവശ്യപ്പെടുന്നുണ്ടെന്നും പാനുമായി അക്കൗണ്ട് ബന്ധിപ്പിക്കണമെന്ന് നിർദേശിച്ചിരുന്നുവെന്നും ലഭ്യമായ രേഖകളിൽനിന്ന് വ്യക്തമാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഹരജിക്കാരൻ ഈ ആവശ്യങ്ങൾ നിരസിക്കുകയായിരുന്നു. 4.81കോടി രൂപ ബാലൻസുള്ള കറന്റ് അക്കൗണ്ടിൽനിന്ന് ഒരു കോടി രൂപ പിൻവലിച്ചെന്ന് ആദായനികുതി വകുപ്പിന് വിവരം ലഭിച്ചു. വെളിപ്പെടുത്താത്ത തുക ഈ അക്കൗണ്ടിലുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നുമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് ഡയറക്ടർ ജനറൽ നടപടിക്ക് ഉത്തരവിട്ടതെന്നും കോടതിയെ അറിയിച്ചു.
അപ്പീൽ നൽകും -സി.പി.എം
തൃശൂർ: സി.പി.എം തൃശൂർ ജില്ല കമ്മിറ്റിയുടെ അക്കൗണ്ടിൽനിന്ന് പിൻവലിച്ച ഒരു കോടി രൂപ മരവിപ്പിച്ച ആദായനികുതി വകുപ്പ് നടപടിക്കെതിരെ ഹൈകോടതിയിൽ നൽകിയ ഹരജി തള്ളിയ സിംഗ്ൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് തൃശൂർ ജില്ല സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ അറിയിച്ചു. ബാങ്ക് ഓഫ് ഇന്ത്യയിൽ സി.പി.എം ജില്ല കമ്മിറ്റിക്ക് 30 വർഷമായുള്ള അക്കൗണ്ടിൽനിന്ന് പിൻവലിച്ച തുകയാണ് മരവിപ്പിച്ചത്. ഇത് നിയമ ദുരുപയോഗവും അനീതിയുമാണെന്ന് ജില്ല സെക്രട്ടറി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സി.പി.എം തൃശൂർ ജില്ല കമ്മിറ്റി ഒരു കോടി രൂപ കൈകാര്യംചെയ്ത കേസിൽ പാർട്ടിയുടെ വാദം ഹൈകോടതി തള്ളിയ സാഹചര്യത്തിൽ ജില്ല കമ്മിറ്റിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിക്കണമെന്ന് മുൻ എം.എൽ.എ അനിൽ അക്കര ആവശ്യപ്പെട്ടു. ഹൈകോടതി വിധി പകർപ്പ് ലഭിച്ചശേഷം വീണ്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും അനിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

