വാളയാര്‍ പെൺകുട്ടികൾക്കെതിരായ പരാമര്‍ശം: 24 ന്യൂസ് ചാനലിനെതിരെ പോക്സോ കേസെടുക്കാമെന്ന് ഹൈകോടതി
text_fieldsകൊച്ചി: വാളയാറിൽ മരിച്ച പെൺകുട്ടികൾക്കുനേരെ മോശം പരാമർശം നടത്തിയെന്ന കേസിൽ 24 ന്യൂസ് ചാനലിനെതിരെ കേസെടുക്കണമെന്ന് ഹൈകോടതി നിർദേശം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ സോജനെതിരായ കേസ് ഹൈകോടതി റദ്ദാക്കി. ഉദ്യോഗസ്ഥൻ നൽകിയ ഹരജിയിലാണ് ഉത്തരവ്.
മരിച്ച പെൺകുട്ടികളെക്കുറിച്ച് ഒരു ചാനൽ വഴി മോശം പരാമർശം നടത്തി എന്നായിരുന്നു കേസ്. എന്നാൽ ഉദ്യോഗസ്ഥനെതിരെയല്ല, ഫോൺ സംഭാഷണം റെക്കോഡ് ചെയ്ത് കേൾപ്പിച്ച മാധ്യമ സ്ഥാപനത്തിനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന പൊലീസ് മേധാവി മാധ്യമ സ്ഥാപനത്തിനെതിരെ തുടർ നടപടി സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു.
ആധികാരികത ഉറപ്പു വരുത്താതെ ഇരകളെ താഴ്ത്തിക്കെട്ടുന്ന പരാമർശം പ്രചരിപ്പിച്ചതിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്. ചാനലിനെതിരെ പോക്സോ കുറ്റം ചുമത്താം. ആവശ്യമെങ്കിൽ റിപ്പോർട്ടർക്കെതിരെ അന്വേഷണം നടത്തുന്നത് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ. ബദറുദ്ദീന്റേതാണ് ഉത്തരവ്.

