ഭൂമി തരംമാറ്റൽ: ലുലുവിന്റെ അപേക്ഷ പുനഃപ്പരിശോധിച്ച് തീരുമാനമെടുക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: തൃശൂർ അയ്യന്തോളിൽ നിർദിഷ്ട ലുലു മാളിനായി ഏറ്റെടുത്ത ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷ പുനഃപരിശോധിച്ച് നിയമപരമായ തീരുമാനമെടുക്കണമെന്ന് ഹൈകോടതി.
ലുലു ഹൈപ്പർ മാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപ്പീലിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് റവന്യൂ അധികൃതർക്ക് നിർദേശം നൽകിയത്. ഭൂമി പൂർവസ്ഥിതിയിലാക്കണമെന്ന ജില്ല കലക്ടറുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ഭൂമി ഡേറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കിയ ആ.ഡി.ഒയുടെ നടപടി റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻബെഞ്ച് ശരിവെച്ചു.
നടപടിക്ക് മുമ്പ് കൃഷി ഓഫിസറുടെ റിപ്പോർട്ട് തേടണമെന്ന ചട്ടം ആർ.ഡി.ഒ. പാലിച്ചില്ലെന്ന് വിലയിരുത്തിയാണിത്. ലുലു സമർപ്പിച്ച അപേക്ഷയിൽ കൃഷി ഓഫീസർ ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു. ഈ റിപ്പോർട്ടും കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയൺമെന്റ് സെന്ററിന്റെ റിപ്പോർട്ടും മറ്റു തെളിവുകളും പരിശോധിച്ച് ആർ.ഡി.ഒ 30 ദിവസത്തിനകം തീരുമാനമെടുക്കണം. തരംമാറ്റ വിഷയത്തിൽ വ്യക്തത വന്ന ശേഷം കലക്ടർക്ക് ഉചിതമായ തുടർ നടപടി സ്വീകരിക്കാം. ഇത് കൃഷിഭൂമിയാണെന്ന് പരാതിയുന്നയിച്ച വേലൂപ്പാടം സ്വദേശി ടി.എൻ. മുകുന്ദന്റെ വാദങ്ങളും ആർ.ഡി.ഒ കേൾക്കണമെന്ന് ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

