അഭ്യാസ പ്രകടനം: ടൂറിസ്റ്റ് ബസിന് തീപടർന്ന സംഭവത്തിൽ സ്വമേധയാ ഹരജിയുമായി ഹൈകോടതി
text_fieldsകൊച്ചി: കോളജിൽനിന്ന് വിനോദയാത്ര പുറപ്പെടും മുമ്പ് അപകടകരമായ രീതിയിൽ പൂത്തിരി കത്തിച്ച് അഭ്യാസപ്രകടനം നടത്തുന്നതിനിടെ ടൂറിസ്റ്റ് ബസിന് മുകളിൽ തീപടർന്ന സംഭവം ഹൈകോടതി സ്വമേധയാ ഹരജിയായി പരിഗണിക്കുന്നു.
കൊല്ലം പെരുമൺ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ വിനോദയാത്ര പുറപ്പെടും മുമ്പുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന ചട്ട ലംഘനവുമായി ബന്ധപ്പെടുത്തി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വിഷയം സ്വമേധയാ പരിഗണിച്ചത്. സംഭവത്തിൽ സർക്കാറിനോട് വിശദീകരണം തേടിയ കോടതി ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. ജൂൺ 26നാണ് വിദ്യാർഥികൾ വിനോദയാത്ര പോകാൻ ഏർപ്പെടുത്തിയ ബസിനു തീപിടിച്ചത്. വിനോദയാത്രക്ക് കൊഴുപ്പേകാൻ ബസിനു മുകളിൽ പൂത്തിരി കത്തിച്ചതിനെത്തുടർന്നാണ് തീപടർന്നത്. ഉടൻ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
തിങ്കളാഴ്ച വിഷയം പരിഗണിച്ച ഡിവിഷൻ ബെഞ്ച് കേന്ദ്ര, സംസ്ഥാന സർക്കാർ അഭിഭാഷകരുടെ അഭിപ്രായം തേടിയ ശേഷമാണ് നടപടി സ്വീകരിച്ചത്. ബസിന് തീപിടിക്കുന്ന ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു.
ഇത്തരം പ്രവൃത്തികൾ തടയാൻ മോട്ടോർ വാഹന ചട്ടത്തിൽ വ്യവസ്ഥകളുണ്ടെന്നും സംസ്ഥാന സർക്കാറാണ് നടപടി സ്വീകരിക്കേണ്ടതെന്നും കേന്ദ്രത്തിനുവേണ്ടി അസി. സോളിസിറ്റർ ജനറൽ വിശദീകരിച്ചു. ദൃശ്യങ്ങളിൽനിന്ന് നിയമലംഘനം വ്യക്തമാണെന്ന് വിലയിരുത്തിയ ഡിവിഷൻ ബെഞ്ച് മോട്ടോർ വാഹന വകുപ്പ് ഇക്കാര്യത്തിൽ എന്തു നടപടിയെടുത്തെന്ന് ആരാഞ്ഞു. ഇതിന് വിശദീകരണം നൽകാൻ സർക്കാർ അഭിഭാഷകൻ സമയം തേടിയതിനെ തുടർന്നാണ് ഹരജി മാറ്റിയത്. ടൂറിസ്റ്റ് ബസുകൾ ഡാൻസിങ് ഫ്ലോറുകളാക്കരുതെന്നും അനുവദനീയമല്ലാത്ത ലൈറ്റുകളും മ്യൂസിക്-സൗണ്ട് സംവിധാനങ്ങളും പാടില്ലെന്നും ഹൈകോടതി ദിവസങ്ങൾക്ക് മുമ്പ് ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

