'തെങ്ങിന് ചിരിക്കാൻ കഴിവുണ്ടെങ്കിൽ അയൽക്കാരെ നോക്കി ചിരിച്ചേനെയെന്ന്' ഹൈകോടതി, തർക്കം പഞ്ചായത്ത് മുതൽ ഹൈക്കോടതി വരെ എത്തിച്ചതിനെ തുടർന്ന്
text_fieldsതിരുവനന്തപുരം: 'തെങ്ങിന് ചിരിക്കാൻ കഴിവുണ്ടെങ്കിൽ അയൽക്കാരെ നോക്കി ചിരിച്ചേനെയെന്ന്' ഹൈകോടതി. ഒരു തെങ്ങിനെ ചൊല്ലിയുള്ള തർക്കത്തിലാണ് കോടതി ഇങ്ങനെയൊരു പരാമർശം നടത്തിയത്. തെങ്ങിനെ ചൊല്ലിയുള്ള തർക്കത്തിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് രസകരമായ പരാമർശം നടത്തിയത്.
അയൽക്കാർ തമ്മിൽ തെങ്ങിനെ ചൊല്ലി തർക്കം രൂക്ഷമായതോടെയാണ് കേസ് കോടതി കയറിയത്. തെങ്ങിന് കാറ്റത്ത് സ്വയം വീഴാൻ കഴിവുണ്ടെങ്കിൽ ഈ തർക്കം തെങ്ങ് തന്നെ പരിഹരിച്ചേനെയെന്നും ജസ്റ്റിസ് ഉത്തരവിൽ വ്യക്തമാക്കി. തെങ്ങ് കാറ്റത്ത് വളയും പക്ഷേ, മുതിർന്ന രണ്ട് മനുഷ്യരുടെ ഈഗോ വളയില്ലെന്നാണ് കോടതിയുടെ മറ്റൊരു പരിഹാസം.
നെടുമങ്ങാട് സ്വദേശികൾ തമ്മിലാണ് വീട്ടുവളപ്പിലെ തെങ്ങിനെ ചൊല്ലിയുള്ള തർക്കമുണ്ടായത്. തർക്കം മൂത്ത് പഞ്ചായത്ത് മുതൽ ഹൈക്കോടതി വരെ എത്തി. ഒരു വരാന്തയിൽ ചായ കുടിച്ച് തീർക്കാവുന്ന പ്രശ്നം കോടതിയുടെ വിലയേറിയ സമയം കളയുന്ന രീതിയിലാക്കിയെന്നും കോടതി കുറ്റപ്പെടുത്തി.
വിഷയം പഠിക്കാനായി അഡ്വക്കേറ്റ് കമീഷനെ നിയമിച്ച് ഹരജിക്കാരനോട് ഒരു ലക്ഷം രൂപ പ്രതിഫലമായി നൽകാനും നിർദേശിച്ചിരുന്നു. നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണമെന്ന ബൈബിൾ വചനവും ഹൈകോടതി ഉത്തരവിൽ പരാമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

