ഹൈകോടതിയിൽ കേസ് തീർപ്പാക്കുന്നത് റെക്കോഡ് വേഗത്തിൽ
text_fieldsഹൈകോടതി
കൊച്ചി: കേസുകൾ തീർപ്പാക്കുന്നതിൽ റെക്കോഡ് വേഗവുമായി കേരള ഹൈകോടതി. 2024ൽ 1,02,963 കേസുകൾ തീർപ്പാക്കിയ കോടതി 2025ൽ ഇതുവരെ തീർപ്പാക്കിയ കേസുകളുടെ എണ്ണം 1,09,239 ആയി ഉയർത്തി.
മുൻവർഷത്തെ അപേക്ഷിച്ച് ആറ് ശതമാനത്തിലധികമാണ് വർധന. ബെഞ്ചും ബാറും ചേർന്നുള്ള ടീം വർക്കാണ് ഈ നേട്ടത്തിന് നിദാനം. കേസുകൾ തീർപ്പാക്കുന്നതിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇത്തവണയും ഒന്നാമത്. 15,026 കേസുകളാണ് തീർപ്പാക്കിയത്. ജസ്റ്റിസ് സി.എസ്. ഡയസ് (8,713), ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് (7,627), ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് (5,936) എന്നിവരും മുൻനിരയിലുണ്ട്.
നേട്ടങ്ങൾക്കിടയിലും കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ആശങ്കയുണ്ടാക്കുന്നു. സിവിൽ വിഭാഗത്തിൽ മാത്രം 2,07,081 കേസുകൾ തീർപ്പുകൽപ്പിക്കാനുണ്ട്. ഇതിൽ 1,47,963 കേസുകൾ ഒരു വർഷത്തിലേറെ പഴക്കമുള്ളവയാണ്. ക്രിമിനൽ വിഭാഗത്തിൽ 50,785 കേസുകൾ വിധി കാത്തുനിൽക്കുന്നു. ഇതിൽ 34,835 എണ്ണം ഒരു വർഷത്തിനപ്പുറമുള്ളതാണ്.
ജീവനക്കാരുടെ കുറവും നടപടിക്രമങ്ങളിലെ സങ്കീർണതയുമാണ് കേസുകൾ നീളാൻ പ്രധാന കാരണം. കൂടുതൽ പരിഷ്കരണ നടപടികളിലൂടെ കേസുകൾ വേഗത്തിൽ തീർപ്പാക്കാനുള്ള ശ്രമത്തിലാണ് ഹൈകോടതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

