ഹര്‍ത്താല്‍ നിയമവിരുദ്ധമാക്കണമെന്ന ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകൾ ചൊവ്വാഴ്ച നടത്തുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി. ശബരിമല ദര്‍ശനത്തിെൻറ ഭാഗമായി എത്തിയ ബിന്ദു അമ്മിണിയെ കമീഷണര്‍ ഓഫിസില്‍ വെച്ച് ആക്രമിച്ചയാളാണ് ഹരജിക്കാരനെന്ന പൊലീസിെൻറ വിശദീകരണം പരിഗണിച്ചാണ് കണ്ണൂര്‍ സ്വദേശിയും ഹിന്ദു ഹെൽപ്ലൈന് സംസ്ഥാന കോഓഡിനേറ്ററുമായ ശ്രീനാഥ് പത്മനാഭന് നല്കിയ ഹരജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് എ.എം. െഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
ഇത്തരമൊരു പ്രതിക്ക് എങ്ങനെയാണ് പൊതുതാല്പര്യ ഹരജി നല്കാനാവുകയെന്ന് കോടതി ചോദിച്ചു. പൗരത്വഭേദഗതിക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു ഹരജിക്കാരെൻറ വാദം. പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്ന് കോടതി മറുപടി നല്കി.
ശബരിമല തീർത്ഥാടകർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ അറിയിച്ചു.
പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നും എൻ.ആർ.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഹർത്താൽ ആചരിക്കാൻ വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും സംയുക്തയോഗം തീരുമാനിച്ചത്.
ജാമിഅ മില്ലിയ, ജെ.എൻ.യു, അലീഗഢ്, ഹൈദരബാദ് യൂനിവേഴ്സിറ്റികളിലും, ചെന്നൈ ഐ.ഐ.ടി., മുംബൈ ടിസ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാജ്യവ്യാപകമായും നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്കുളള ഐക്യദാർഢ്യമാണ് ഹർത്താലെന്ന് സംയുക്ത സമിതി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
