കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ഇല്ലാതാക്കാനുള്ള നീക്കം ഹൈകോടതി തടഞ്ഞു
text_fieldsകൊച്ചി: സംസ്ഥാനത്തെ പൊലീസ് സംഘടനകളുടെ ഘടനയിൽ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ പുറത്തിറക്കിയ വിവാദ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. ഉത്തരവ് നടപ്പിലാക്കുന്നത് തടഞ്ഞുകൊണ്ട് ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് സംഘടനകളുടെ പുനഃസംഘടന നടത്തുന്നതിന് ആവശ്യമായ കാരണങ്ങളൊന്നും പ്രഥമദൃഷ്ട്യാ ഉത്തരവിൽ കാണുന്നില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ സ്റ്റേ. പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ ഭരണസമിതിയെ പിരിച്ചുവിട്ടുകൊണ്ടായിരുന്നു സർക്കാർ ഉത്തരവ്. ഇതിനു പകരം പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളാവും ഉണ്ടാവുക എന്നായിരുന്നു ഉത്തരവിൽ ഉണ്ടായിരുന്നത്. ഇതോടെ കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ഇല്ലാതാകും.
കഴിഞ്ഞ ജൂലൈ 27നാണ് പൊലീസ് സംഘടനകളുടെ ഘടന പൊളിച്ചെഴുതി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. സർക്കാരിന്റെ ഈ നീക്കത്തെ ചോദ്യം ചെയ്ത് കേരള പൊലീസ് അസോസിയേഷൻ ഹൈകോടതിയിൽ ഹരജി സമർപ്പിക്കുകയായിരുന്നു.
സേനയ്ക്കുള്ളിലെ ജനാധിപത്യപരമായ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാനും, ഏകാധിപത്യരീതിയിൽ അഡ്ഹോക്ക് കമ്മിറ്റികളെ അടിച്ചേൽപ്പിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത് എന്നാണ് ഹരജിയിലെ പ്രധാന ആരോപണം. ഹരജി ഫയലിൽ സ്വീകരിച്ച കോടതി, ഉത്തരവ് നടപ്പിലാക്കുന്നത് ഇടക്കാലത്തേക്ക് തടഞ്ഞുകൊണ്ട് ഉത്തരവിടുകയായിരുന്നു.
സെപ്റ്റംബർ 30നു മുൻപ് പുതിയ ഭരണസമിതി നിലവിൽ വരുമെന്നായിരുന്നു സർക്കാർ ഉത്തരവ്. അതുവരെയുള്ള പ്രവർത്തനത്തിനായാണ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നത്. എന്നാൽ ഇതിന്റെ പ്രവർത്തനവും ഇപ്പോൾ ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. അഡ്ഹോക് കമ്മിറ്റി രൂപീകരണത്തിനെതിരെയും നേരത്തെ എതിർപ്പ് ഉയർന്നിരുന്നു. ഇതിന്റെ രൂപീകരണം ചട്ടവിരുദ്ധമാണെന്നും നിലവിലെ ഭരണസമിതിയിലെ അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

