ശബരിമലയിൽ എവിടെയൊക്കെ അയ്യപ്പ വിഗ്രഹം സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ശബരിമലയിലെ മറ്റ് എവിടെയെല്ലാം അയ്യപ്പ വിഗ്രഹം സ്ഥാപിച്ചിട്ടുണ്ടെന്ന് സ്പെഷൽ കമീഷണർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് ഹൈകോടതി. അന്നദാന മണ്ഡപത്തിലടക്കം വിഗ്രഹം സ്ഥാപിച്ചത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. ശബരിമല ക്ഷേത്രാങ്കണത്തിൽ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി ലഭിച്ചെന്ന് അവകാശപ്പെട്ട് ധനസമാഹരണം നടത്താൻ ലഘുലേഖയടക്കം അടിച്ചിറക്കിയ സംഭവത്തിലും വിശദമായ അന്വേഷണം വേണമെന്ന് കോടതി നിർദേശിച്ചു.
ഈറോഡ് ലോട്ടസ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ചെയർമാൻ ഡോ. ഇ.കെ. സഹദേവൻ ഇതിനായി പണപ്പിരിവ് തുടങ്ങിയത് കഴിഞ്ഞ ദിവസം ശബരിമല സ്പെഷൽ കമീഷണർ ഹൈകോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കോടതി നടപടി. അന്നദാന മണ്ഡപത്തിൽ എന്തിനാണ് വിഗ്രഹമെന്ന് കോടതി ആരാഞ്ഞു. പലയിടത്തും വിഗ്രഹങ്ങൾ സ്ഥാപിക്കുന്നത് ഗുരുതര വിഷയമാണ്. വിഗ്രഹം സ്ഥാപിക്കാൻ തന്ത്രിയുടെ അനുമതി വാങ്ങിയോ? വിഗ്രഹങ്ങൾക്ക് സമീപം നേർച്ചപ്പെട്ടികളും മറ്റും വെക്കുന്നുണ്ടോ? എന്നീ കാര്യങ്ങളും അറിയിക്കണം.
ശബരിമല ക്ഷേത്രാങ്കണത്തിൽ അയ്യപ്പ വിഗ്രഹം സ്ഥാപിക്കാനോ ഇതിന്‍റെ പേരിൽ പണം പിരിക്കാനോ ആർക്കും അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന അറിയിപ്പ് വെർച്വൽക്യു പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിക്കാൻ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഹരജി വീണ്ടും അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

