ദേശീയപാതയിലെ ദുരിതയാത്ര: ഒരാഴ്ചക്കകം പരിഹാരം കണ്ടില്ലെങ്കിൽ പാലിയേക്കര ടോൾ നിർത്തുമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതം ദുരിതമായ സാഹചര്യത്തിൽ ടോൾ പിരിവ് നിർത്തിവെക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ഹൈകോടതി. പണം നൽകുന്ന യാത്രക്കാർക്ക് സുഗമമായ യാത്രക്ക് അവകാശമുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
ഗതാഗതക്കുരുക്ക് രൂക്ഷമായ പാതയിൽ ടോൾ നിർത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. ഗതാഗതപ്രശ്നത്തിന് ഒരാഴ്ചക്കകം പരിഹാരം കാണാനാവുമെന്ന് കേന്ദ്രസർക്കാറിനുവേണ്ടി അഡീ. സോളിസിറ്റർ ജനറൽ അറിയിച്ചു. ടോൾ പിരിവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കകം സത്യവാങ്മൂലം നൽകാൻ അതോറിറ്റിയോട് ആവശ്യപ്പെട്ട കോടതി, പ്രശ്നത്തിന് പരിഹാരം കണ്ടെല്ലെങ്കിൽ ടോൾ താത്കാലികമായി നിർത്തിവെപ്പിക്കുമെന്ന മുന്നറിയിപ്പും നൽകി. ഹരജി വീണ്ടും 16ന് പരിഗണിക്കാൻ മാറ്റി.
സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിൽ തികഞ്ഞ ഉദാസീനത ദേശീയപാതയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതായി വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഗതാഗതപ്രശ്‌നം 4.8 കിലോമീറ്ററിലായി കുറഞ്ഞെന്നും ബാക്കി 65 കി.മീ. ദൂരത്ത് തടസ്സങ്ങളില്ലെന്നുമുള്ള വാദത്തിലും കൂടുതൽ വ്യക്തത തേടി. ടോൾ പിരിക്കാനുള്ള അവകാശം നിയമപരമായ വ്യവസ്ഥകളോടെയുള്ളതാണ്. സുഗമമായ ഗതാഗതം പണം നൽകുന്ന യാത്രക്കാരുടെ അവകാശമാണ്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സുരക്ഷിതവും സുഗമവുമായ യാത്ര ഈ പാതയിൽ സാധ്യമല്ല. ഈ സാഹചര്യം ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കുന്നതിലേക്കാണ് നയിക്കുക. ദേശീയപാതയുടെ മോശം അവസ്ഥയും ഗതാഗതതടസ്സവും സൂചിപ്പിക്കുന്ന റിപ്പോർട്ടുകളുണ്ടായിട്ടും, ടോൾ പിരിവ് തുടരുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം, പ്രശ്നപരിഹാരത്തിന് ഒരാഴ്ചകൂടി അനുവദിക്കണമെന്നും ഒരാഴ്ചത്തേക്ക് ടോൾ നിർത്തിയാൽപോലും മറ്റ് പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും ദേശീയപാത അതോറിറ്റി വാദിച്ചു. ആശങ്കകൾ പരിഹരിക്കാൻ സംസ്ഥാന സർക്കാറിനെക്കൂടി ഉൾപ്പെടുത്തി യോഗം ചേരുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

