അവയവദാന മാർഗരേഖ: സമിതി രണ്ടാഴ്ചക്കകം ചേരണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: അവയവ ദാനത്തിന് പുതിയ മാർഗരേഖ തയാറാക്കാൻ രൂപവത്കരിച്ച ഉപദേശക സമിതി രണ്ടാഴ്ചക്കകം യോഗം ചേരണമെന്ന് ഹൈകോടതി. ഒരുമാസത്തിനകം പ്രാഥമിക റിപ്പോർട്ടെങ്കിലും സർക്കാറിന് സമർപ്പിക്കണം. ഒരുവർഷമായിട്ടും ഒരു യോഗം പോലും ചേരാത്തത് സമിതിയുടെ രൂപവത്കരണലക്ഷ്യംതന്നെ ഇല്ലാതാക്കുമെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
അവയവദാതാക്കളും സ്വീകർത്താക്കളും ചൂഷണത്തിനിരയാകുന്നത് തടയാൻ അംഗീകൃത സംവിധാനം വേണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഉത്തരവ്. രണ്ടുവർഷ കാലാവധിയിൽ 2024 ആഗസ്റ്റ് 20നാണ് ഉപദേശക സമിതി രൂപവത്കരിച്ചത്. സമിതിക്ക് പരിഗണിക്കാൻ പ്രശ്നങ്ങളില്ലെന്ന് കരുതാനാകില്ലെന്ന് കോടതി പറഞ്ഞു. ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ ശ്രദ്ധയിൽപെടുത്താനും പരിഗണനയിൽ ഉൾപ്പെടുത്താനും ഹരജിയുടെ പകർപ്പ് സമിതിക്ക് കൈമാറാനും കോടതി നിർദേശിച്ചു.
പരോപകാരമെന്ന നിലയിൽ അവയവ ദാനത്തിന് സന്നദ്ധരായവരുടെ പട്ടികയും രക്തഗ്രൂപ്പ് വിവരങ്ങളും നഷ്ടപരിഹാരവും സർക്കാർ പരസ്യപ്പെടുത്തണമെന്നും ഇടനിലക്കാരുടെ ചൂഷണം തടയാൻ ഇത് സഹായകമാകുമെന്നും ഹരജിയിൽ പറഞ്ഞു. ആറാഴ്ചക്കുശേഷം വിഷയം വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

