കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പരിഷ്കരിച്ച പെൻഷൻ: ആവശ്യം പരിഗണിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: 2022 ജനുവരി ഒന്നിനുമുമ്പ് വിരമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പരിഷ്കരിച്ച പെൻഷൻ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈകോടതി. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി 2023ലും 2024ലും ഹരജിക്കാരുടെ ആവശ്യം നിരസിച്ച സർക്കാർ ഉത്തരവുകൾ റദ്ദാക്കിയാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഉത്തരവ്.
ഹരജിക്കാരായ സംഘടനാ പ്രതിനിധികളെയടക്കം കേട്ട് മൂന്ന് മാസത്തിനകം തീരുമാനമെടുക്കാനാണ് ട്രാൻസ്പോർട്ട് റിട്ട. ഓഫിസേഴ്സ് ഫോറം, കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ തുടങ്ങിയവരുടെ ഹരജികൾ തീർപ്പാക്കി സർക്കാറിന് നിർദേശം നൽകിയിരിക്കുന്നത്.
ഹൈകോടതി ഉത്തരവുകൾക്കനുസൃതമായി ഹരജിക്കാർ സർക്കാറിന് നിവേദനം നൽകിയിരുന്നെങ്കിലും മോശം സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി നിരസിച്ചു. ഇതിൽ മൗലികാവകാശ ലംഘനമില്ലെന്നായിരുന്നു കെ.എസ്.ആർ.ടി.സിയുടെ വാദം. എന്നാൽ, 2022നുശേഷം വിരമിച്ചവർക്ക് പുതുക്കിയ നിരക്കിൽ പെൻഷൻ അനുവദിച്ചത് ഹരജിക്കാർ ചൂണ്ടിക്കാട്ടി. വിരമിക്കൽ തീയതിയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്ന സുപ്രീംകോടതി ഉത്തരവടക്കം കണക്കിലെടുത്താണ് ആവശ്യം വീണ്ടും പരിഗണിക്കാൻ കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

