കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിന്റെ വൈദ്യുതി ബില്ലടക്കണമെന്ന് കലക്ടറോട് ഹൈകോടതി
text_fieldsകൊച്ചി: കോവിഡ് ബാധിതരുടെ പ്രാഥമിക ചികിത്സ കേന്ദ്രമായി ഏറ്റെടുത്ത കോളജിന്റെ ആ കാലയളവിലെ വൈദ്യുതി ബിൽ അടക്കാൻ കലക്ടർക്ക് ഹൈകോടതി നിർദേശം. പത്തനംതിട്ട മൗണ്ട് സിയോൺ കോളജ് ഓഫ് എൻജിനീയറിങ് നൽകിയ ഹരജിയിലാണ് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ പത്തനംതിട്ട കലക്ടർക്ക് ജസ്റ്റിസ് വി.ജി. അരുൺ നിർദേശം നൽകിയത്.
കോളജ് കെട്ടിടം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി ഏറ്റെടുത്ത 2020 മേയ് 21 മുതൽ ഡിസംബർ 20വരെയുള്ള കാലയളവിലെ വൈദ്യുതി ബിൽ അടച്ചില്ലെന്നായിരുന്നു ഹരജിക്കാർ കോടതിയെ അറിയിച്ചത്.ഈ ആവശ്യമുന്നയിച്ച് കലക്ടർക്ക് അപേക്ഷ നൽകിയിട്ടും തീരുമാനമുണ്ടായില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഹരജി പരിഗണിക്കവെ ഏറ്റെടുത്ത കാലയളവിലെ വൈദ്യുതി ബിൽ അടക്കുമെന്ന് കലക്ടർ കോടതിയെ അറിയിച്ചു.