ആശ വർക്കർമാരുടെ സമരപ്പന്തൽ പൊളിച്ച പൊലീസ് കണ്ണൂരിലെ സി.പി.എം പരിപാടി കണ്ടില്ലേയെന്ന് ഹൈകോടതി
text_fieldsകൊച്ചി: വഴിതടയൽ സമരവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ ഹരജികൾ പരിഗണിക്കവേ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി. പ്രതിഷേധങ്ങളോടും സമ്മേളനങ്ങളോടും സർക്കാറിന് ഇരട്ട സമീപനമാണോയെന്ന് കോടതി ചോദിച്ചു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ കെട്ടിയ ടാർപോളിൻ പന്തൽ പൊളിച്ചുനീക്കിയ പൊലീസ് കണ്ണൂരിൽ വഴിതടഞ്ഞ് പന്തൽകെട്ടി സി.പി.എം നടത്തിയ പ്രതിഷേധത്തിൽ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആരാഞ്ഞു.
വഞ്ചിയൂരിലടക്കം ഗതാഗതം തടസ്സപ്പെടുത്തി യോഗങ്ങൾ നടത്തിയത് സംബന്ധിച്ച കോടതിയലക്ഷ്യ ഹരജികൾ പരിഗണിക്കവേയാണ് കോടതി വാക്കാൽ പരാമർശം നടത്തിയത്. ഇത്തരം സംഭവങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസുകളുടെ ചാർട്ട് ഒരാഴ്ചക്കകം ഹാജരാക്കാൻ കോടതി നിർദേശിച്ചു. ചുമത്തിയ വകുപ്പുകളും വ്യവസ്ഥകളുമടക്കം രേഖപ്പെടുത്തി നൽകാനാണ് നിർദേശം.
സമാന സംഭവങ്ങളിലെല്ലാം നടപടിയെടുത്തതായി സർക്കാർ കോടതിയെ അറിയിച്ചു. കണ്ണൂരിൽ നടന്നത് പ്രതിഷേധ പരിപാടിയാണെന്നും തത്സമയ നടപടിക്ക് പരിമിതിയുണ്ടെന്നും വിശദീകരിച്ചു. എന്നാൽ, വഞ്ചിയൂരിലേത് പാർട്ടി ഏരിയ സമ്മേളനമായിരുന്നുവെന്നും നാടകം നടത്താൻ കൂടിയാണ് റോഡ് അടച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
പന്തൽ നീക്കാൻ ശ്രമിച്ചപ്പോൾ പാർട്ടി ഭാരവാഹി തടഞ്ഞതായാണ് പൊലീസ് നൽകിയ വിശദീകരണം. ഇയാൾക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞു. പ്രതികൾക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ വ്യവസഥയടക്കം ചുമത്തിയിട്ടുണ്ടോയെന്നും ചോദിച്ചു. പ്രതിഷേധം വേണം. അത് നടപ്പാതയിൽ പാടില്ല. അവിടെ അടച്ചുകെട്ടിയാൽ മുതിർന്ന പൗരന്മാർക്ക് റോഡിലിറങ്ങി നടക്കേണ്ടിവരും. ഇത് അപകടത്തിനിടയാക്കുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, റോഡ് തടഞ്ഞ് സമ്മേളനങ്ങൾ നിരോധിച്ച് ജനുവരിയിൽ പുതിയ സർക്കുലർ ഇറക്കിയതായി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധിക സത്യവാങ്മൂലത്തിലൂടെ കോടതിയെ ബോധിപ്പിച്ചു. എന്നാൽ, സർക്കാർ വിശദീകരണത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഹരജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

