ഹൈകോടതി അനുമതി; ബോർഡിന്റെ വീഴ്ച ന്യായീകരിച്ച് വിജിലൻസ് റിപ്പോർട്ട്
text_fieldsപത്തനംതിട്ട: ഹൈകോടതി അനുമതിയില്ലാതെ കഴിഞ്ഞമാസം ദ്വാരപാലക ശിൽപപാളികൾ അറ്റകുറ്റപണികൾക്ക് ചെന്നൈയിലേക്ക് കൊണ്ടുപോയ നടപടി ന്യായീകരിച്ച് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. ശബരിമല ശ്രീകോവിലിൽ നടക്കുന്ന ജോലികളുടെ വിവരം ശബരിമല സ്പെഷൽ കമീഷണറെ അറിയിക്കണമെന്ന് 2023ൽ ഹൈകോടതി ഉത്തരവിട്ടിരുന്നു. കോടതിയിൽനിന്ന് അനുമതി വാങ്ങണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, ഇത് പാലിക്കാതെയാണ് സെപ്റ്റംബർ ഏഴിന് ദ്വാരപാലക ശിൽപപാളികൾ ഇളക്കി ചെന്നൈയിൽ എത്തിച്ചത്.
എന്നാൽ, ഹൈകോടതി ഉത്തരവിനെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് അറിവില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് സ്വർണപ്പാളി വിവാദം അന്വേഷിച്ച ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട കോടതിവിധികളെയും ഉത്തരവുകളെയും കുറിച്ച് ദേവസ്വം ബോർഡിനും നിയമവിഭാഗത്തിനും വ്യക്തമായ ധാരണയുണ്ടാകണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്.
2019ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ സ്വര്ണംപൂശിയ ദ്വാരപാലക ശിൽപപാളികൾ കഴിഞ്ഞമാസം എഴിനാണ് വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയത്. പാളികൾക്ക് മങ്ങലുണ്ടെന്ന് വിലയിരുത്തിയാണ് വീണ്ടും അറ്റകുറ്റപണികൾക്കായി അഴിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു അറ്റകുറ്റപണികളുടെയും ‘സ്പോൺസർ’. ഇത് ഹൈകോടതി അനുമതിയില്ലാതെയാണെന്ന് സ്പെഷൻ കമീഷണർ റിപ്പോർട്ട് നൽകിയതോടെയാണ് 2019ലെ സ്വർണപ്പാളി അട്ടിമറി പുറത്തുവന്നത്.
അതിനിടെ, ഇത്തവണയും ശബരിമലയിലെ സ്വർണപ്പാളികൾ സ്വന്തംനിലയിൽ കൊണ്ടുപോകാൻ ഉണ്ണികൃഷ്ണൻ പോറ്റി ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം ഉദ്യോഗസ്ഥർക്കൊപ്പം പാളികൾ കൊണ്ടുപോകുകയാണെങ്കിൽ അവരുടെ ചെലവ് വഹിക്കില്ലെന്ന നിലപാട് ഇയാൾ എടുത്തു. താൻ തനിയെ കൊണ്ടുപോകാമെന്നും അറിയിച്ചു. എന്നാൽ, തിരുവാഭരണ കമീഷണർ എതിർത്തതിനാൽ ഇത് നടന്നില്ലെന്നാണ് റിപ്പോർട്ട്. ഇതിനെതുടർന്നാണ് ദേവസ്വം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവ ചെന്നൈയിൽ എത്തിക്കുകയായിരുന്നു.
പാളികളിൽ വീണ്ടും സ്വർണംപൂശാൻ ചെന്നൈയിലെ സ്മാർട് ക്രിയേഷന്സിന് സാങ്കേതിക വൈദഗ്ധ്യമില്ലെന്നും സന്നിധാനത്തുതന്നെ പരമ്പരാഗതരീതിയിൽ ജോലിനിര്വഹിക്കണമെന്ന തിരുവാഭരണം കമീഷണറുടെ ആദ്യ ഉത്തരവിനെക്കുറിച്ചും റിപ്പോർട്ടിൽ വിശദീകരണമുണ്ട്. ഉത്തരവിന് പിന്നാലെ ഉണ്ണകൃഷ്ണൻ പോറ്റി തിരുവാഭരണ കമീഷണറെ വിളിക്കുകയും സ്മാർട് ക്രിയേഷൻസിൽ തന്നെയാണ് സ്വർണംപൂശിയതെന്നതിനാൽ അറ്റകുറ്റപണികൾ ചെയ്യാൻ കഴിയുമെന്ന് അറിയിക്കുകയായിരുന്നു.
2019ൽ ചെയ്തപ്പോൾ 40 വർഷത്തെ വാറന്റി നൽകിയിട്ടുണ്ടെന്നും അറിയിച്ചു. തുടർന്ന് തിരുവാഭരണം കമീഷണർ സ്മാർട് ക്രിയേഷൻസിൽ വിളിച്ച് ഇത് സ്ഥിരീകരിച്ചു. തുടർന്നാണ് മുൻ തീരുമാനം തിരുത്തി പുതിയ ഉത്തരവ് ഇറക്കിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അകറ്റിനിർത്തിയെന്ന് ബോർഡ്; മകരവിളക്കിനും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സംഭാവനയെന്ന് രേഖ
പത്തനംതിട്ട: ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള അവതാരങ്ങളെ തങ്ങളുടെ കാലത്ത് അകറ്റിനിർത്തിയതായി നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ആവർത്തിക്കുമ്പോഴും, മകരവിളക്കിനും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സംഭാവനയെന്ന് കണ്ടെത്തൽ.
2025ലെ മകരവിളക്കിനോടനുബന്ധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി 10 ലക്ഷം രൂപ സംഭാവന നൽകിയതായി വിജിലൻസ് കണ്ടെത്തി. 2025 ജനുവരി ഒന്നിന് അന്നദാനം, പടിപ്പുര, ഉദയാസ്തമന പൂജ, കളഭാഭിഷേകം എന്നിവയും ഉണ്ണികൃഷ്ണനാണ് ഏറ്റെടുത്ത് നടത്തിയത്. ജനുവരിയിൽ അന്നദാനത്തിനായി ആറ് ലക്ഷം നൽകിയതായും ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
ഇതിനുമുമ്പും നിരവധി പ്രവൃത്തികൾ എറ്റെടുത്ത് നടത്തിയിട്ടുണ്ട്. എന്നാൽ, ഇവയുടെ യഥാർഥ സ്പോൺസർമാർ മറ്റ് വ്യക്തികളാണെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു. ഇവരെയെല്ലാം കണ്ടെത്തണമെന്ന് നിർദേശിക്കുന്ന വിജിലൻസ്, വിശദമായ അന്വേഷണവും ശിപാർശ ചെയ്തിട്ടുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ 2017 മുതൽ 2025 വരെയുള്ള ഇൻകംടാക്സ് റിട്ടേൺ പരിശോധിച്ചപ്പോൾ ബിസിനസിൽനിന്നടക്കം സ്ഥിരംവരുമാനമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2025-26 കാലഘട്ടത്തിൽ കാമാക്ഷി എന്റർപ്രൈസസ് എന്ന സ്ഥാപനത്തിൽനിന്ന് 10.85 ലക്ഷം ഇയാളുടെ അക്കൗണ്ടിൽ എത്തിയതായും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

