സത്യപ്രതിജ്ഞ ചടങ്ങിൽ ആളുകളെ കുറക്കണം –ഹൈകോടതി
text_fieldsകൊച്ചി: പരമാവധി ആളുകളെ കുറച്ചുവേണം സത്യപ്രതിജ്ഞ ചടങ്ങ് നടത്താനെന്ന് ഹൈകോടതി. നിയുക്തമന്ത്രിമാരുടെ പങ്കാളികൾക്കും അടുത്തബന്ധുക്കൾക്കും അഭിമാനകരമായ നിമിഷമായതിനാൽ ചടങ്ങിൽ അവരുടെ സാന്നിധ്യം നിഷേധിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. എന്നാൽ, എം.എൽ.എമാരുടെ ബന്ധുക്കളെ അനുവദിക്കേണ്ടതില്ല.
കേരളെത്തക്കാൾ കൂടുതൽ നിയമസഭാംഗങ്ങളുള്ള പശ്ചിമബംഗാളിലും തമിഴ്നാട്ടിലും വളരെക്കുറച്ച് ആളുകളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താനായെങ്കിൽ കോവിഡ് പ്രതിരോധത്തിൽ മുൻപന്തിയിലുള്ള കേരളം പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. 500പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിനെതിരെ തൃശൂരിലെ ചികിത്സ നീതി സംഘടനയുടെ ജനറൽ സെക്രട്ടറി ഡോ. കെ.ജെ. പ്രിൻസ് നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്. എം.എൽ.എമാരുടെ പങ്കാളികൾ വീട്ടിലിരുന്ന് സത്യപ്രതിജ്ഞ വീക്ഷിെച്ചന്നതുകൊണ്ട് ചടങ്ങിെൻറ അന്തസ്സ് ഇടിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് നടത്താൻ ഇത് രാഷ്ട്രീയ പാർട്ടിയുടെ ചടങ്ങല്ല. അതിനാൽ എല്ലാ എം.എൽ.എമാരും പങ്കെടുക്കേണ്ടതുണ്ടോയെന്ന് പാർട്ടികൾ തീരുമാനിക്കണം. ചടങ്ങ് നടത്താൻ ചുമതലപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമേ പ്രവേശനം നൽകാവൂ. പാർട്ടികളുടെ സംസ്ഥാന സമിതിയംഗങ്ങളും ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന നൽകിയവരും ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളെ പങ്കെടുപ്പിക്കേണ്ടതുണ്ടോയെന്ന് ചീഫ് സെക്രട്ടറി തീരുമാനിക്കണം. കോവിഡ് പ്രോട്ടോകോൾ വ്യക്തമാക്കി പുറപ്പെടുവിച്ച ഉത്തരവുകൾ ചടങ്ങുനടത്താൻ കർശനമായി പാലിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.