Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർണാടകയിൽ നേതൃമാറ്റ...

കർണാടകയിൽ നേതൃമാറ്റ ചർച്ചകൾ സജീവം; ഡി.കെ ശിവകുമാർ രാജിക്കത്ത് നൽകിയെന്ന് വെളിപ്പെടുത്തൽ

text_fields
bookmark_border
കർണാടകയിൽ നേതൃമാറ്റ ചർച്ചകൾ സജീവം; ഡി.കെ ശിവകുമാർ രാജിക്കത്ത് നൽകിയെന്ന് വെളിപ്പെടുത്തൽ
cancel

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി പദവിയെച്ചൊല്ലി കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിയിൽ മാരത്തൺ ചർച്ചകൾ തുടരുന്നതിനിടെ, നാടകീയ നീക്കങ്ങളുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.എൻ രാജണ്ണ. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ മാസങ്ങൾക്ക് മുമ്പ് തന്നെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) അധ്യക്ഷ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് പാർട്ടി നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്ന് രാജണ്ണ വെളിപ്പെടുത്തി. ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ അറിവ് ശരിയാണെങ്കിൽ മൂന്ന് അല്ലെങ്കിൽ നാല് മാസം മുമ്പ് തന്നെ ശിവകുമാർ ഹൈക്കമാൻഡിന് രാജിക്കത്ത് അയച്ചിട്ടുണ്ടെന്ന് രാജണ്ണ പറഞ്ഞു. നേതൃത്വവുമായി ബന്ധപ്പെട്ട തർക്കങ്ങൾ നീട്ടിക്കൊണ്ടുപോകുന്നത് പാർട്ടിക്കും സംസ്ഥാനത്തെ ഭരണത്തിനും നല്ലതല്ല. ‘ഇനിയിത് മതി, ഈ വിഷയത്തിൽ ഇപ്പോൾ ഒരു തീരുമാനമുണ്ടാകണം’ എന്നും മുൻ മന്ത്രി ആവശ്യപ്പെട്ടു. ഇരു മുതിർന്ന നേതാക്കൾ തമ്മിലുള്ള അധികാരം പങ്കിടൽ തർക്കം സംസ്ഥാനത്തെ ഭരണത്തെ ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച രാജണ്ണ, വിഷയത്തിൽ ഉറച്ചൊരു തീരുമാനമെടുക്കാൻ പാർട്ടി നേതൃത്വം തയാറാകണമെന്നും ആവശ്യപ്പെട്ടു.

തിങ്കളാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവരുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചർച്ചകൾ നടത്തുന്നതിനിടയിലാണ് രാജണ്ണയുടെ ഈ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. ഡൽഹിയിലെ ഈ മാരത്തൺ കൂടിക്കാഴ്ചകൾക്ക് ശേഷം സംസ്ഥാനത്തെ ഉയർന്ന പദവി സംബന്ധിച്ച് കോൺഗ്രസ് അന്തിമ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എ.ഐ.സി.സി ആസ്ഥാനത്ത് രാഹുൽ ഗാന്ധി സിദ്ധരാമയ്യയുമായി 45 മിനിറ്റോളം കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമാണ് ഇരു നേതാക്കളും ഖാർഗെയുടെ ഓഫിസിലെത്തി അദ്ദേഹത്തെ കണ്ടത്.

നിലവിൽ ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ള ഒരേയൊരു കോൺഗ്രസ് മുഖ്യമന്ത്രിയായതിനാൽ സിദ്ധരാമയ്യയെ മാറ്റാൻ രാഹുൽ ഗാന്ധിക്ക് താല്പര്യമില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. പിന്നാക്ക വിഭാഗക്കാരനായ മുഖ്യമന്ത്രിയെ മാറ്റുന്നത് രാഹുൽ ഗാന്ധി ഉയർത്തിപ്പിടിക്കുന്ന സാമൂഹിക നീതി എന്ന രാഷ്ട്രീയ നിലപാടിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

ഈ വർഷം ജനുവരിയിൽ കോൺഗ്രസ് നേതാവ് ഡി. ദേവരാജ് അരശിന്റെ റെക്കോർഡ് മറികടന്ന് കർണാടകയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച മുഖ്യമന്ത്രിയെന്ന ചരിത്രനേട്ടം സിദ്ധരാമയ്യ സ്വന്തമാക്കിയിരുന്നു.

കർണാടകയിൽ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന അധികാരത്തർക്കം ഒരു പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്.

മേയ് അവസാനത്തോടെ നടക്കുന്ന യോഗത്തിൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നേതൃമാറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച മാധ്യമങ്ങൾ ചോദിച്ച ചോദ്യത്തിന് ‘നല്ല സമയം വരും’ എന്ന നിഗൂഢമായ മറുപടിയാണ് ഡി.കെ ശിവകുമാർ നൽകിയത്.

മുഖ്യമന്ത്രി പദവി സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്നാണ് ഹൈക്കമാൻഡിൽ നിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaSiddaramaiahLeadership ChangeD.K. Shivakumarresignation letter
News Summary - High Command Has DKS Resignation Letter: Rajanna Stuns Congress
Next Story