Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയാർ തീരത്ത് കനത്ത...

പെരിയാർ തീരത്ത് കനത്ത ജാഗ്രതാ നിർദേശം

text_fields
bookmark_border
പെരിയാർ തീരത്ത് കനത്ത ജാഗ്രതാ നിർദേശം
cancel

കൊച്ചി :ഇടുക്കിക്ക് പിന്നാലെ ചൊവ്വാഴ്ച്ച ഇടമലയാർ അണക്കെട്ടും തുറക്കുന്ന സാഹചര്യത്തിൽ പെരിയാർ തീരത്ത് ശക്തമായ ജാഗ്രത പുലർത്താൻ കലക്ടർ ഡോ.രേണു രാജ് വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി.

ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഷട്ടർ തുറന്ന് 50 മുതൽ 100 ക്യൂമെക്സ് വരെ ജലം തുറന്നു വിടുന്നതിനാണ് ഇടമലയാർ അണക്കെട്ടിന്റെ ചുമതല വഹിക്കുന്ന വൈദ്യുതി ബോർഡിന് അനുമതി നൽകിയത്.

ഇതുമൂലം പെരിയാറിലെ ജലനിരപ്പിൽ ഗണ്യമായ വ്യതിയാനം പ്രതീക്ഷിക്കുന്നില്ല. എങ്കിലും ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്ക് പ്രകാരമുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിക്കും.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ മുൻകരുതലെന്ന നിലയിൽ നടപടി സ്വീകരിക്കണമെന്ന് സിയാൽ അധികൃതർക്കും കലക്ടർ കത്തു നൽകി. ജില്ലയിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, പെരിയാർ തീരത്തെ തദ്ദേശ സ്ഥാപനങ്ങൾ എന്നിവർക്കും ഇതു സംബന്ധിച്ച അറിയിപ്പുകൾ കൈമാറി..

ജില്ലാ അടിയന്തര ഘട്ട കാര്യ നിർവഹണ കേന്ദ്രത്തി (ഡി.ഇ.ഒ.സി) നാണ് പ്രവർത്തനങ്ങളുടെ ഏകോപനച്ചുമതല. പെരിയാറിലെ ജലനിരപ്പ് ജലസേചന വകുപ്പ് 24 മണിക്കൂറും നിരീക്ഷിക്കും. ശക്തമായ നീരൊഴുക്കുണ്ടാകുന്ന സ്ഥലങ്ങളിൽ പുഴ മുറിച്ചു കടക്കുന്നതും പുഴയിൽ മീൻ പിടിക്കുന്നതും നിരോധിച്ചു. ഈ സമയം പുഴകളിലും കൈ വഴികളിലും കുളിക്കാനോ തുണിയലക്കാനൊ പാടില്ല. ജലമൊഴുകുന്ന മേഖലകളിൽ വിനോദ സഞ്ചാരവും നിരോധിച്ചു.

പെരിയാർ തീരത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മൈക്ക് അനൗൺസ് മെന്റ് മുഖേന പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകും. പ്രശ്ന സാധ്യതയുള്ള മേഖലകളിലെ താമസക്കാരെ ആവശ്യമുള്ള പക്ഷം ക്യാമ്പുകളിലേക്ക് മാറ്റും. റവന്യൂ, പഞ്ചായത്ത്, നഗരസഭ അധികൃതർക്കാണ് ഇതിന്റെ ചുമതല.

മഴ മാറി നിൽക്കുകയും നദിയിലെ ജലനിരപ്പ് താഴുകയും ചെയ്യുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് കൃത്യമായി നിർദേശങ്ങൾ ലഭിക്കും. ഇവ പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environment
News Summary - High alert on Periyar coast
Next Story