കൊച്ചിയിലും അതീവ ജാഗ്രത; ഇന്ത്യൻ നാവികസേനയുടെ പ്രധാന പരിശീലന കേന്ദ്രമാണ്, അണക്കെട്ടുകളുടെയും സുരക്ഷ വർധിപ്പിച്ചു
text_fieldsകൊച്ചി: പഹൽഗാം ഭീകരാക്രമണത്തിന് ഓപറേഷൻ സിന്ദൂറിലൂടെ പാകിസ്താന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയ പശ്ചാത്തലത്തിൽ രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഒന്നായ കൊച്ചിയിലും ജാഗ്രതയും മുൻകരുതൽ നടപടികളും ശക്തമാക്കി. സുരക്ഷാ തയാറെടുപ്പുകൾ പരിശോധിക്കാൻ രാജ്യവ്യാപകമായി ബുധനാഴ്ച വൈകീട്ട് സംഘടിപ്പിച്ച മോക്ഡ്രില്ലിന്‍റെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും മോക്ഡ്രിൽ നടന്നു. ജില്ലയിലെ അണക്കെട്ടുകളുടെ സുരക്ഷ വർധിപ്പിച്ചിട്ടുമുണ്ട്.
ഇന്ത്യൻ നാവികസേനയുടെ പ്രധാന പരിശീലന കേന്ദ്രം കൂടിയായ ദക്ഷിണ നാവിക കമാൻഡിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് കൊച്ചിയിലാണ്. പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ കാര്യത്തിൽ സ്വീകരിച്ച മുൻകരുതൽ നടപടികൾ ഇവിടെയും കൈക്കൊണ്ടിരുന്നു. സൈനിക തലവന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയപ്പോൾതന്നെ സ്ഥിതിഗതികൾ നേരിടാൻ ദക്ഷിണ നാവിക കമാൻഡിലും വിവിധ തലങ്ങളിൽ മുന്നൊരുക്കം ആരംഭിച്ചിരുന്നു. തുറമുഖം, വ്യോമ-നാവിക സേനാതാവളങ്ങൾ, രാജ്യാന്തര വിമാനത്താവളം, കപ്പൽ നിർമാണശാല, അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ എന്നിവ സ്ഥിതി ചെയ്യുന്ന കൊച്ചിക്ക് ദക്ഷിണേന്ത്യയിലെ സുപ്രധാന വാണിജ്യ കേന്ദ്രം എന്ന നിലയിലും പ്രാധാന്യം ഏറെയാണ്.
ഇടമലയാർ, ഭൂതത്താൻകെട്ട് ഡാമുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച ആലുവ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇടമലയാർ ഡാം പരിസരവും പവർ ഹൗസും സന്ദർശിച്ചു. ഭൂതത്താൻകെട്ട് ഡാം പരിസരവും ബോട്ട് ജെട്ടിയടക്കം മേഖലകളും നിരീക്ഷണത്തിലാണ്. സുരക്ഷക്ക് കെ.എസ്.ഇ.ബിയുടെ സുരക്ഷാ ഗാർഡുകൾക്ക് പുറമെ പൊലീസിന്‍റെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

